1000 പേർക്ക് ഡിജിറ്റൽ ഹിയറിംഗ് എയ്ഡുകൾ വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ; ശ്രവൺ പദ്ധതി ഉദ്ഘാടനം നവംബർ 1ന്

Sravan project will be inaugurated by the health minister on November 1st

കേൾവി പരിമിതി നേരിടുന്ന 1000 പേർക്ക് ഇയർമോൾഡോട് കൂടിയ ഡിജിറ്റൽ ഹിയറിംഗ് എയ്ഡുകൾ വിതരണം ചെയ്യുന്ന പദ്ധതി നവംബർ ഒന്നിന് ആരോഗ്യമന്ത്രി കെ. കെ ഷെെലജ ഉദ്ഘാടനം ചെയ്യും. വികലാംഗക്ഷേമ കോർപറേഷൻ്റെ ശ്രവൺ പദ്ധതി കേരളപ്പിറവി ദിനത്തിൽ രാവിലെ 11.45ന് ഓൺലെെൻ വഴിയാണ് മന്ത്രി ഉദ്ഘാടനം ചെയ്യുക. ഉദ്ഘാടനത്തിന് ശേഷം വിവിധ ജില്ലകളിൽ പ്രത്യേക ക്യാമ്പുകൾ നടത്തി ശ്രവണ സഹായികൾ വിതരണം ചെയ്യാനാണ് തീരുമാനം. ശ്രവണ സഹായികൾക്കായി നിരവധി അപേക്ഷകൾ ലഭിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് അടിയന്തരമായി 1000 പേർക്ക് ഗുണനിലവാരമുള്ള ഡിജിറ്റൽ ശ്രവണ സഹായികൾ ഇയർമോൾഡോട് കൂടി വിതരണം ചെയ്യാൻ തീരുമാനിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ഭിന്നശേഷിക്കാരുടെ ആശയവിനിമയ സ്വാതന്ത്ര്യവും സഞ്ചാര സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനാവശ്യമായ നൂതന സഹായ ഉപകരണങ്ങൾ വികലാംഗക്ഷേമ കോർപ്പറേഷൻ സൌജന്യമായി വിതരണം ചെയ്യുന്നുണ്ട്. ചലന പരിമിതിയുള്ള 1500 ഓളം പേർക്ക് മുച്ചക്ര വാഹനവും കാഴ്ച പരിമിതിയുള്ള 1000 പേർക്ക് സ്മാർട്ട് ഫോണും നൽകിയിട്ടിട്ടുണ്ട്. നിലവിൽ 120ഓളം സഹായ ഉപകരണങ്ങൾ കോർപ്പറേഷൻ്റെ ഹെഡ് ഓഫീസ് വഴിയും ഉപകരണ നിർമാണ യൂണിറ്റായ എംആർഎസ്ടി വഴിയും റീജിയണൽ ഓഫീസുകൾ വഴിയും വിതരണം ചെയ്തുവരികയാണ്. ഇതുകൂടാതെയാണ് 1000 പേർക്ക് ഡിജിറ്റൽ ശ്രവണ സഹായികൾ നൽകുന്നത്. 

content highlights: Sravan project will be inaugurated by the health minister on November 1st