തൊഴിലില്ലായ്മയും ശമ്പളക്കുറവും കാരണം തെരുവിൽ കച്ചവടം ചെയ്യുകയാണ് അന്ധ്രാപ്രദേശിലെ ഗൂണ്ടൂരിലെ സ്വകാര്യ സ്കൂളുകളിൽ ജോലി ചെയ്യുന്ന ഒരുകൂട്ടം അധ്യാപകർ. കൊവിഡ് ലോക്ക്ഡൌൺ മാർച്ചിൽ ആരംഭിച്ചതുമുതൽ ഉപജീവനത്തിനായി മറ്റ് തൊഴിലുകൾ ചെയ്യാൻ നിർബന്ധിതരായിരിക്കുകയാണ് ഇവർ. കൊവിഡ് പ്രതിസന്ധി തുടങ്ങിയതുമുതൽ സംസ്ഥാന സർക്കാരിൻ്റെ സഹായം ആവശ്യപ്പെട്ടിട്ടും സർക്കാരിൻ്റെ ഭാഗത്തുനിന്നും യാതൊരു നടപടികളും ഉണ്ടായില്ല. തുടർന്ന് സാമ്പത്തിക സഹായം ആവശ്യപ്പെട്ട് സ്വകാര്യ സ്കൂളുകളിൽ ജോലി ചെയ്യുന്ന അധ്യാപകർ കളക്ടറേറ്റിന് മുന്നിൽ മൂന്ന് ദിവസത്തെ സമരമാണ് നടത്തുന്നത്.
വെെഎസ്ആർ കോൺഗ്രസിൻ്റെ നേത്യത്വത്തിലുള്ള സർക്കാർ ദിവസവേതനക്കാർക്കായി നിരവധി പദ്ധതികളാണ് കൊണ്ടുവന്നതെങ്കിലും സ്വകാര്യ മേഖലയിലെ അധ്യാപകർക്ക് യാതൊരു പരിഗണനയും നൽകുന്നില്ലെന്ന് ഇവർ ആരോപിക്കുന്നു. PLTP അധ്യാപക ക്ഷേമ സംഘടനയുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. സർക്കാരിൽ നിന്നു മാത്രമല്ല കോർപറേറ്റ് സ്ഥാപനങ്ങളായി നടത്തുന്ന സ്കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നും അധ്യാപകർക്ക് യാതൊരു സാമ്പത്തിക പിന്തുണയും ലഭിക്കുന്നില്ലെന്ന് PLTP അധ്യാപക ക്ഷേമ സംഘടന സംസ്ഥാന പ്രസിഡൻ്റായ ബറുഗു ശ്രീനിവാസ് പറയുന്നു.
സ്കൂളുകൾ നിർബന്ധമായും ശമ്പളം നൽകണമെന്ന് നിർദ്ദേശിച്ചുകൊണ്ട് ഗവൺമെൻ്റ് സ്വയം കെെകഴുകി ഒഴിയുകയാണെന്നും എത്ര സ്കൂളുകൾ കൃത്യമായി ശമ്പളം നൽകുന്നുണ്ടെന്ന് സർക്കാർ ഉറപ്പുവരുത്തുനില്ലെന്നും അദ്ദേഹം ആരോപിച്ചു. നിരവധി അധ്യാപകർക്ക് ജോലി നഷ്ടപ്പെട്ടു. നിരവധി പേർ ശമ്പളമില്ലാതെ ഇപ്പോഴും കുട്ടികളെ പഠിപ്പിക്കുന്നു. ആരോഗ്യപ്രവർത്തകരെ പോലെ തന്നെ കൊവിഡ് കാലത്ത് കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്നത് പ്രധാനപ്പെട്ട കാര്യമാണെന്ന് പറയുന്ന സർക്കാർ അധ്യാപകർക്ക് മാത്രം മതിയായ പരിഗണന നൽകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
content highlights: Unpaid, underpaid, laid off: Andhra teachers protest by selling fruit on the streets