കങ്കണയ്ക്കും സഹോദരിക്കും രണ്ടാമതും നോട്ടീസ് അയച്ച് മുംബെെ പൊലീസ്; നവംബർ 10ന് ഹാജരാകണം

Kangana Ranaut, the sister asked to appear before Mumbai Police on Nov 10

ബോളിവുഡ് നടി കങ്കണ റണാവത്തിനും സഹോദരി രംഗോലി ചന്ദലിനും ഹാജരാകാൻ ആവശ്യപ്പെട്ട് വീണ്ടും നോട്ടീസ് അയച്ച് മുംബെെ പൊലീസ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് മുംബെെ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൻ്റെ അടിസ്ഥാനത്തിലാണ് നവംബർ 10ന്  ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് മുമ്പ് ഒക്ടോബർ 26, 27 ദിവസങ്ങളിലായി ബാന്ദ്രാ പൊലീസ് ഇവരുടെ മൊഴികൾ രേഖപ്പെടുത്തിയിരുന്നു.

എന്നാൽ സഹോദരൻ്റെ വിവാഹ സംബന്ധമായ കാര്യങ്ങൾക്കായി ഹിമാചൽ പ്രദേശിലാണ് ഇരുവരും ഇപ്പോൾ ഉള്ളതെന്നും നവംബർ 15ന് കോടതിയിൽ നേരിട്ട് ഹാജരായികൊള്ളാമെന്നും കങ്കണയുടെ അഭിഭാകനായ റിസ്വാൻ സിദ്ധിഖ് കത്തുമുഖേന പൊലീസിനെ അറിയിച്ചു. ബോളിവുഡ് കാസ്റ്റിങ് ഡയറക്ടറും ഫിറ്റ്നസ് ട്രെയിനറുമായ മുനാവ്വരളി സാഹിൽ സയ്യിദ് ബാന്ദ്ര മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ പരാതിയിലാണ് കങ്കണയ്ക്കും സഹോദരിക്കുമെതിരെ കേസെടുത്തിരിക്കുന്നത്.

ട്വീറ്റുകളിലൂടേയും അഭിമുഖങ്ങളിലൂടെയും കഴിഞ്ഞ രണ്ട് മാസമായി സ്വജനപക്ഷപാതത്തിൻ്റെ പേര് പറഞ്ഞ് ബോളിവുഡിനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ ഉൾപ്പെടെയുള്ളവരെ അവഹേളിക്കുന്ന തരത്തിൽ അഭിപ്രായങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണെന്നും പരാതിയിൽ പറഞ്ഞിരുന്നു. ഐപിസി സെഷൻ 153A, 295A,124-A,34 എന്നിവ പ്രകാരമാണ് കങ്കണയ്ക്കും സഹോദരിക്കുമെതിരെ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. 

content highlights: Kangana Ranaut, the sister asked to appear before Mumbai Police on Nov 10