അശ്ലീല ചിത്രം പ്രചരിപ്പിച്ചു; പൂനം പാണ്ഡെക്ക് പിന്നാലെ മിലിന്ദ് സോമനെതിരെയും കേസെടുത്തു

case registered against Milind soman

55 ആം പിറന്നാളിനോടനുബന്ധിച്ച് ഗോവ ബീച്ചിലൂടെ പൂർണ നഗ്നനായി ഓടിയ നടനും മോഡലുമായ മിലിന്ദ് സോമനെതിരെ പോലീസ് കേസെടുത്തു. സൌത്ത് ഗോവ പോലീസാണ് കേസെടുത്തത്. 55 ആം പിറന്നാളിനാണ് ബീച്ചിലെ ചിത്രം മിലിന്ദ് സോമൻ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചത്. നഗ്നത പ്രദർശിപ്പിച്ചതിനും അശ്ലീല ചിത്രം പ്രചരിപ്പിച്ചെന്നുമുള്ള പരാതിയിലാണ് നടപടി. സുരക്ഷാ മഞ്ച് എന്ന സംഘടനയാണ് മിലിന്ദിനെതിരെ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ സൌത്ത് ഗോവ പോലീസ് കേസെടുത്തതായി എസ്പി പങ്കജ് കുമാർ വ്യക്തമാക്കി. നേരത്തെ നടി പൂനം പാണ്ഡെയെയും ഭർത്താവിനെയും സമാന വകുപ്പുകൾ ചുമത്തി ഗോവ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

സർക്കാർ ഭൂമിയിൽ അതിക്രമിച്ചു കയറി അശ്ലീല വീഡിയോ ചിത്രീകരണം നടത്തിയെന്ന പരാതിയിലായിരുന്നു നടപടി. ചപോലി ഡാമിന് സമീപത്തായിരുന്നു ഷൂട്ടിങ്. ബീച്ചിലൂടെ നഗ്നനായി ഓടിയ മിലിന്ദ് സോമനെതിരെ നടപടിയെടുക്കാതെ പൂനക്കെതിരെ നടപടിയെടുത്തതിനെതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു. സ്ത്രീക്കും പുരുഷനും രണ്ട് നിയമമാണോ എന്നായിരുന്നു ചോദ്യം. കൂടാതെ ഇത് കാപട്യവും കപട സദാചാര ബോധവുമാണെന്ന പരാതിയും ഉയർന്നിരുന്നു. വിമർശനത്തിനു പിന്നാലെ മിലിന്ദിനെതിരെ കേസെടുക്കുകയും ചെയ്തു.

Content Highlights; case registered against Milind soman