ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ്: എം സി കമറുദ്ദീന്‍ എംഎല്‍എയെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം

കാസര്‍കോട്: 15 കോടി രൂപയുടെ തിരിമറി നടന്ന ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ മുസ്ലീംലീഗ് നേതാവും മഞ്ചേശ്വരം എംഎല്‍എയുമായ എംസി കമറുദ്ദീനെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം. ഫാഷന്‍ ഗോള്ഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷമാണ് അറസ്റ്റിനെ കുറിച്ചുള്ള സൂചനകള്‍ പൊലീസ് നല്‍കുന്നത്. കേസില്‍ എംഎല്‍എക്കെതിരെ തെളിവുകള്‍ ലഭിച്ചതായും 15 കോടിയുടെ തട്ടിപ്പ് നടന്നതായും പൊലീസ് സ്ഥിരീകരിച്ചു.

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ എംഎല്‍എയെ യുഡിഎഫ് പരസ്യമായി തള്ളിപ്പറഞ്ഞിരുന്നു. കമറുദ്ദീനെ സംരക്ഷിക്കില്ലെന്നും പൊതു പ്രവര്‍ത്തകനെന്ന നിലയില്‍ ജാഗ്രത കാണിക്കേണ്ടിരുന്നെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ പറഞ്ഞിരുന്നു. നേരത്തെ ജ്വല്ലറി ഉടമ പൂക്കോയ തങ്ങളെ 9 മണിക്കൂറോളം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. നിക്ഷേപകരുടെ പരാതി പരിഹരിക്കാന്‍ ലീഗ് നിയോഗിച്ച മധ്യസ്ഥനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു.

എംസി കമറുദ്ദീന്റേത് ബിസിനസ് തകര്‍ച്ച മാത്രമാണെന്നും വഞ്ചനയല്ലെന്നും ആവര്‍ത്തിച്ച് പറഞ്ഞ് കമറുദ്ദീനൊപ്പം യുഡിഎഫ് നേതാക്കളെല്ലാം നേരത്തെ ഉറച്ച് നിന്നിരുന്നു. എന്നാല്‍ പഴയ നിലപാട് മാറിയെന്ന് വെളിപ്പെടുത്തുന്നതായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.

Content Highlight: Police will arrest M C Kamarudheen MLA soon