നിലമ്പൂരിലെ ഞെട്ടിക്കുളത്ത് മക്കളോടൊപ്പം ആത്മഹത്യ ചെയ്ത രഹ്നയുടെ ഭർത്താവിനേയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തുടിമുട്ടിയിലെ ജേഷ്ഠൻ്റെ വീട്ടിലായിരുന്ന ഭൂദാനം തുടിമുട്ടി മുതുപുരേടത്ത് ബിനേഷ് ശ്രിധരനെ (35) സമീപത്തെ റബ്ബർ തോട്ടത്തിൽ വെച്ച് പുലർച്ചെ അഞ്ച് മണിയോടെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബിനേഷിൻ്റെ ഭാര്യ രഹ്ന, മക്കളായ ആദിത്യൻ, അർജുൻ, അനന്തു എന്നിവരെയായിരുന്നു നേരത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. രഹ്നയെ തൂങ്ങിമരിച്ച നിലയിലും കുട്ടികളെ വിഷം ഉള്ളിൽ ചെന്നു മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു.
ഭാര്യയും മക്കളും ആത്മഹത്യ ചെയ്യുമ്പോൾ ബിനേഷ് സ്ഥലത്തില്ലായിരുന്നു. കണ്ണൂർ ഇരിക്കൂറിൽ റബ്ബർ ടാപ്പിങ്ങിന് പോയതായിരുന്നു ബിനേഷ്. രഹ്നയെ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് ബിനേഷ് പറഞ്ഞത് പ്രകാരം അയൽവാസികൾ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് അമ്മയേയും കുട്ടികളേയും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ ബിനേഷിനെതിരെ കുടുംബം രംഗത്തുവന്നിരുന്നു. മൂന്നു വർഷമായി കുടുംബത്തിനുള്ളിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നാണ് രഹ്നയുടെ പിതാവ് ആരോപിച്ചിരുന്നത്.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
Content Highlight; Man suicide soon after wife and child commits suicide








