ന്യൂഡല്‍ഹി: വിദേശ ധന സഹായം സ്വീകരിക്കുന്ന സന്നദ്ധ സംഘടനകള്‍ക്ക് കൂടുതല്‍ നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. 2016-17, 2018-19 കാലയളവിനിടയില്‍ എഫ്സിആര്‍എ പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുളള എന്‍ജിഒകള്‍ ഇതുവരെ 58,000 കോടി രൂപ വിദേശധന സഹായമായി സ്വീകരിച്ചിട്ടുള്ളതായി കേന്ദ്രം അറിയിച്ചിരുന്നു. എന്‍.ജി.ഒ. ഭാരവാഹിയുടെ ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കി നിയമത്തില്‍ ഭേദഗതി വരുത്തി ഏകദേശം രണ്ടുമാസങ്ങള്‍ പിന്നിടുമ്പോഴാണ് പുതിയ എഫ്.സി.ആര്‍.എ. നിയമങ്ങള്‍ ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്നത്.
ചുരുങ്ങിയത് മൂന്ന് വര്‍ഷമായി നിലവിലുള്ളതും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇതിനകം 15 ലക്ഷം രൂപ ചെലവഴിച്ചിട്ടുള്ളതുമായ സംഘടനകള്‍ക്ക് മാത്രമേ ഇനി വിദേശ ധന സഹായം സ്വീകരിക്കുന്നതിന് അനുമതിയുണ്ടാകൂ. വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന എന്‍ജിഒ ഭാരവാഹികള്‍ വിദേശസംഭാവന എത്രയാണെന്നും അത് എന്തിനു വേണ്ടിയുളളതാണെന്നും വ്യക്തമാക്കുന്ന രേഖ സംഭാവന നല്‍കുന്നവരില്‍ നിന്ന് ഹാജരാക്കണമെന്നും കേന്ദ്ര ആഭ്യന്ത്രമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ധനസഹായം നല്‍കുന്നത് ഒരു വ്യക്തിയാണെങ്കില്‍ ആ വ്യക്തി, ധനസഹായം സ്വീകരിക്കുന്ന സംഘടനയുടെ മുഖ്യ പ്രവര്‍ത്തകനോ, ഓഫീസ് ഭാരവാഹിയോ ആകാന്‍ പാടില്ല. കൂടാതെ, സന്നദ്ധസംഘടനയുടെ 75 ശതമാനം ഓഫീസ് ഭാരവാഹികളോ അല്ലെങ്കില്‍ ഭരണസമിതി അംഗങ്ങളോ സംഭാവന നല്‍കുന്ന വ്യക്തിയുടെ കുടുംബാംഗങ്ങളോ, അടുത്ത ബന്ധുക്കളോ ആയിരിക്കരുതെന്നും ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ നിയമത്തില്‍ പറയുന്നു.
തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയിലെ അംഗങ്ങള്‍ എന്നിവരെ വിദേശ സഹായം സ്വീകരിക്കുന്നതില്‍ നിന്ന് വിലക്കിയിട്ടുമുണ്ട്.
Content Highlight: Home Ministry tightens rules for NGO’s that intend to receive foreign fund