എബിവിപിയുടെ എതിർപ്പിനെ തുടർന്ന് അരുന്ധതി റോയിയുടെ പുസ്തകം എംഎ ഇംഗ്ലീഷ് സിലബസ്സിൽ നിന്ന് തമിഴ്നാട് യൂണിവേഴ്സിറ്റി പിൻവലിച്ചു. 2011ൽ പുറത്തിറക്കിയ വാക്കിംഗ് വിത്ത് ദ കോമ്രേഡ്സ് (സഖാക്കൾക്കൊപ്പം നടക്കുമ്പോൾ) എന്ന പുസ്തകമാണ് തമിഴ്നാട്ടിലെ തിരുനെൽ വേലിയിലുള്ള മനോമണിയം സുനന്ദനാർ സർവകലാശാല പിൻവലിച്ചത്. വെെസ് ചാൻസിലർ കെ. പിച്ചുമണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് പുസ്തകം പിൻവലിക്കാൻ തീരുമാനിച്ചത്.
മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രങ്ങളായ ഛത്തീസ്ഗഡിലെ ദണ്ഡകാരണ്യം വനമേഖലയിൽ പോയുള്ള അനുഭവങ്ങളാണ് പുസ്തകം പറയുന്നത്. 2017ലാണ് എംഎ ഇംഗ്ലീഷ് തേഡ് സെമസ്റ്റർ സിലബസ്സിൽ ഈ പുസ്തകം ഉൾപ്പെടുത്തിയത്. ദേശവിരുദ്ധമായ മാവോയിസ്റ്റുകളെ സംരക്ഷിക്കുന്നു എന്നാരോപിച്ച് എബിവിപി തമിഴ്നാട് ജോയിൻ്റ് സെക്രട്ടറി സി. വിഗ്നേഷ് പുസ്തകം പിൻവലിക്കണമെന്ന് വിസിയോട് ആവശ്യപ്പെട്ടിരുന്നു. പുസ്തകം പിൻവലിച്ചില്ലെങ്കിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും എബിവിപി നേതാവ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഈ പുസ്തകത്തിൽ അരുന്ധതി റോയി മാവോയിസ്റ്റുകളെ മഹത്വവത്കരിച്ച കാര്യം തങ്ങൾ കഴിഞ്ഞയാഴ്ചയാണ് അറിഞ്ഞതെന്ന് വിസി മാധ്യമങ്ങളോട് പറഞ്ഞു. ഈ പുസ്തകത്തിന് പകരം പരിസ്ഥിതി പ്രവർത്തകൻ എം. കൃഷ്ണൻ്റെ മെെ നേറ്റീവ് ലാൻഡ് എസ്സെയ്സ് ഓൺ നാച്വർ എന്ന പുസ്തകം ഉൾപ്പെടുത്തി.
content highlights: T.N. varsity withdraws Arundhati Roy’s book after ABVP’s objection