സ്വർണ്ണക്കടത്ത് അടക്കമുള്ള വിഷയങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് മലയാളികളുടെ ആത്മാഭിമാനത്തെ തകർത്തതായി നടൻ ദേവൻ. ഇടതു സർക്കാർ ജനങ്ങളെ വഞ്ചിച്ചുവെന്നും നിലവിലെ രാഷ്ട്രീയ ജീർണതയാണ് പുതിയ പാർട്ടി രൂപീകരിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്നും ദേവൻ വ്യക്തമാക്കി. പുതിയതായി രൂപീകരിക്കുന്ന നവകേരള പീപ്പിൾസ് പാർട്ടിയുടെ നയങ്ങൾ വിശദീകരിക്കാൻ ചേർന്ന യോഗത്തിലാണ് ദേവൻ ഇടതു മുന്നണി സർക്കാരിനെതിരെ വിമർശനമുയർത്തിയത്.
സ്വർണ്ണക്കടത്ത് അടക്കമുള്ള വിഷയങ്ങളിൽ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന സത്യം വേദനയോടെയാണ് മലയാളികൾ ഉൾകൊണ്ടതെന്നും പിണറായി വിജയൻ കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ആയിരിക്കുമെന്നും ദേവൻ പറഞ്ഞു. പിണറായി വിജയന അധികാരമേറ്റപ്പോൾ ജനങ്ങൾക്ക് വളരെ പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ രണ്ട് വർഷത്തിനുള്ളിൽ അദ്ധേഹം ആ വിശ്വാസം തകർത്തിരിക്കുന്നു.
ശബരിമല വിഷയത്തോടെ അത് മനസ്സിലായി. ഇവിടുത്തെ നിലവിലെ മുന്നണികൾക്കുള്ള രാഷ്ട്രീയ ബദലാണ് പുതിയ പാർട്ടി. തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കില്ലെന്നും, സമാന ചിന്താഗതിയുള്ളവർക്ക് പിന്തുണ നൽകുമെന്നും ദേവൻ വ്യക്തമാക്കി. ബിജെപി നേതൃത്വം താനുമായി ചർച്ച നടത്തിയെന്നും എന്നാൽ തന്റെ വ്യക്തിത്വം ആർക്കും അടിയറ വെയ്ക്കാൻ തയ്യാറല്ലാത്തതിനാൽ ബിജെപിയിൽ ചേരില്ലെന്നും ദേവൻ പറഞ്ഞു.
Content Highlights; actor devan form a new political party and criticize Pinarayi Vijayan