പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് പിന്നാലെ യുഎസ് സീക്രട്ട് സർവീസിൽ കൊവിഡ് വ്യാപിക്കുന്നതായി റിപ്പോർട്ട്. പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിനും നിയുക്ത പ്രസിഡൻ്റ് ജോ ബെെഡനും വെെസ് പ്രസിഡൻ്റിനും സുരക്ഷ ഒരുക്കുന്ന സംഘമാണ് സീക്രട്ട് സർവീസ്. 130ലേറെ സീക്രട്ട് സർവീസ് ഏജൻ്റുമാർക്ക് കൊവിഡ് ബാധിച്ചെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യൂണിഫോമിട്ട 30 സീക്രട്ട് സർവീസ് ഓഫീസർമാർക്ക് കൊവിഡ് വന്നെന്നും 60 പേർ ക്വാറൻ്റീനിലാണെന്നും ന്യൂയോർക്ക് ടെെംസ് റിപ്പോർട്ട് ചെയ്യുന്നു.
ട്രംപിൻ്റെ ചീഫ് ഓഫ് സ്റ്റാഫ് മാർക് മെഡോസ് ഉൾപ്പെടെയുള്ളവർക്ക് അടുത്തിടെ കൊവിഡ് ബാധിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ റാലികളിൽ ട്രംപിന് സുരക്ഷ ഒരുക്കാൻ പോയതുവഴിയാണ് ഭൂരിഭാഗം പേർക്കും കൊവിഡ് ബാധിച്ചത്. ട്രംപിൻ്റെ റാലികളിൽ ആരും തന്നെ മാസ്ക് ധരിച്ചിരുന്നില്ല.
7000ത്തോളം പേരാണ് രഹസ്യ സർവീസിൽ ജോലി ചെയ്യുന്നത്. സീക്രട്ട് സർവീസിൽ കൊവിഡ് വ്യാപനം സംഭവിച്ചെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കാൻ സീക്രട്ട് സർവീസ് വക്താവ് ജൂലി മക്മറെ തയ്യാറായിട്ടില്ല. ജോലിയുടെ സ്വകാര്യതയും രഹസ്യാത്മകതയും സൂക്ഷിക്കേണ്ടതിനാൽ വിവരങ്ങൾ പുറത്തുവിടാനാകില്ലെന്ന് ജൂലി പറഞ്ഞു.
content highlights: New Covid Outbreak Hits US Secret Service: Report