നിർഭയ ഹോമുകൾ പൂട്ടുന്നുവെന്ന വാർത്തകൾ നിഷേധിച്ച് ആരോഗ്യ മന്ത്രി; താമസക്കാരെ മാറ്റുക മാത്രമാണ് ചെയ്തത്

reports suggesting the closure of nirbhaya home's are baseless says KK Shailaja

കേരളത്തിലെ 13 നിർഭയ ഹോമുകൾ സർക്കാർ അടച്ചുപൂട്ടുന്നുവെന്ന ആരോപണം നിഷേധിച്ച് ആരോഗ്യമന്ത്രി കെ. കെ ഷെെലജ. നിർഭയ ഹോമുകളിലെ താമസക്കാരെ മാറ്റുക മാത്രമാണ് ചെയ്തതെന്നും പൂട്ടുന്നവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും പത്രക്കുറുപ്പിൽ അറിയിച്ചു. തൃശൂരിൽ മാത്രമാണ് ഇനി നിർഭയ കേന്ദ്രം പ്രവർത്തിക്കുകയെന്നും സാമ്പത്തിക പ്രതിസന്ധി മൂലം മറ്റുള്ള സ്ഥലങ്ങളിലെ പ്രവർത്തനങ്ങൾ നിർത്തുന്നുവെന്നും വാർത്തകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം

തൃശൂരിൽ 200 പേർക്ക് താമസിക്കാൻ കഴിയുന്ന മാതൃക ഹോമാണ് തയ്യാറാക്കിയിട്ടുള്ളത്. നിർഭയ ഹോമുകളിൽ താമസിക്കുന്ന പഠിക്കാൻ താത്പര്യമുള്ള കുട്ടികൾക്ക് വേണ്ടി മികച്ച ശാസ്ത്രീയ സൌകര്യം ഒരുക്കുന്നതിന് വേണ്ടിയാണ് തൃശൂരിൽ പുതിയ മാതൃക ഹോം സ്ഥാപിച്ചത്. മന്ത്രി വ്യക്തമാക്കി. നിലവിലെ നിർഭയ ഹോമുകളെല്ലാം എൻജിഒകളുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. കുട്ടികളും മുതിർന്നവരുമായി 350തോളം താമസക്കാരാണ് ഇവിടെയുള്ളത്. ഒരു മുറിയിൽ പല തരത്തിലുള്ള ആൾക്കാരാണ് കഴിയേണ്ടി വരുന്നത്. ജനസാന്ദ്രതയുള്ള പ്രദേശത്താണ് ഹോമുകൾ ഉള്ളത് എന്നതുകൊണ്ട് തന്നെ കുട്ടികളെ അപായപ്പെടുത്താനോ സ്വാധീനിച്ച് പ്രതികൾക്ക് അനുകൂലമാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇതിനാൽ ഇവരെ ശാസ്ത്രീയമായി മാറ്റി പുനരധിവസിപ്പിക്കുകയാണ് വനിത ശിശുവികസന വകുപ്പ് ലക്ഷ്യമിടുന്നത്. 

വിദഗ്ധരുടെ നിര്‍ദേശമനുസരിച്ചാണ് 5 കോടി രൂപ മുടക്കി തൃശൂരില്‍ മാതൃക ഹോം ഉണ്ടാക്കിയത്. ബാലാവകാശ കമ്മീഷനും ഇത്തരമൊരു ഹോം ശുപാര്‍ശ ചെയ്തിട്ടുണ്ട്. 16 വയസിന് മുകളിലുള്ളവരെ തേജോമയ ഹോമിലേക്കാണ് മാറ്റുക. അവര്‍ക്ക് മികച്ച പരിശീലനം നല്‍കി ജീവിക്കാനാവശ്യമായ ചുറ്റുപാടിലെത്തിച്ച് സ്വന്തം കാലില്‍ നിര്‍ത്തുന്നു. വിവിധ ഹോമുകളിലെ നിലവിലെ 350 ഓളം താമസക്കാരില്‍ 200 ഓളം പേരെ തൃശൂരിലേക്കും കുറച്ച് പേരെ തേജോമയ ഹോമിലേക്കും മാറിക്കഴിഞ്ഞാല്‍ മിക്കവാറും ജില്ലകളില്‍ ആളില്ലാത്ത അവസ്ഥയാണ് ഉണ്ടാകുന്നത്. അവര്‍ നിലവിലുള്ള നിര്‍ഭയ ഹോമുകളില്‍ തുടരും.

ഒരു കുട്ടിയെ സര്‍ക്കാര്‍ അല്ലെങ്കില്‍ സ്വകാര്യ സ്ഥാപനത്തിലേക്ക് മാറ്റുക എന്ന് പറയുന്നത് ഏറ്റവും അവസാനത്തെ ശ്രമമായി മാത്രമേ ചെയ്യാന്‍ പാടുകയുള്ളൂവെന്നാണ് ജെ.ജെ. ആക്ട് നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. ഒരു കുട്ടി പീഡനത്തിനിരയായെങ്കിലും അല്ലെങ്കിലും സി.ഡബ്ല്യു.സി.യുടെ മുമ്പില്‍ ഹാജരാക്കി കഴിഞ്ഞാല്‍ ആ കുട്ടിയെ സ്വന്തം വീട്ടിലേക്ക് മാറ്റാനാണ് സി.ഡബ്ല്യു.സി. ശ്രമിക്കാറുള്ളത്. ഏതെങ്കിലും സാഹചര്യത്തില്‍ സുരക്ഷ ഭീഷണി കാരണം അതിന് സാധിക്കുന്നില്ലെങ്കിലാണ് ഹോമുകളിലേക്ക് മാറ്റുന്നത്. 

പലരുടേയും വിചാരണ നീണ്ട് പോകുന്നതിനാലാണ് ഹോമുകളില്‍ കഴിയേണ്ടി വരുന്നത്. ആവശ്യത്തിന് പ്രത്യേക പോസ്‌കോ കോടതികള്‍ ഇല്ലാത്തതായിരുന്നു ഇതിന് കാരണം. ഇപ്പോള്‍ 22 പോസ്‌കോ കോടതികളാണ് സ്ഥാപിച്ചത്. 56 ഓളം പോക്‌സോ കോടതികള്‍ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. അങ്ങനെ വരുമ്പോള്‍ ഒരാള്‍ക്ക് പോലും ഒരുവര്‍ഷത്തില്‍ കൂടുതല്‍ താമസിക്കേണ്ടി വരുന്നില്ല. ഇങ്ങനെ വിചാരണ കാലയളവില്‍ മികച്ച പരിചരണം നല്‍കാനുദ്ദേശിച്ചാണ് ശാസ്ത്രീയമായ ഹോമുകള്‍ തയ്യാറാക്കുന്നത്.

ദീര്‍ഘകാലയളവില്‍ മികച്ച പരിചരണം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് തൃശൂരിലെ ഹോം സജ്ജമാക്കിയത്. ഇവിടെയുള്ള സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ക്കും മേട്രന്‍മാര്‍ക്കും രാത്രി കാലങ്ങളില്‍ പോലും ഇടപെടാനാകും. കൂടാതെ ഇതിനടുത്തുള്ള മെന്റല്‍ ഹെല്‍ത്ത് ഹോമിലെ ഡോക്ടര്‍മാര്‍ക്കും സൈക്യാര്‍ട്രിസ്റ്റുകള്‍ക്കും ഇവിടെ സേവനം നല്‍കാനും സാധിക്കും. മികച്ച വിദ്യാഭ്യാസം, ചികിത്സ, കൗണ്‍സിലിംഗ്, വൊക്കേഷണല്‍ ട്രെയിനിംഗ് എന്നിവ നല്‍കി സ്വയം പര്യാപ്തരാക്കി ഇവരെ വീടുകളിലെത്തിക്കുകയാണ് ലക്ഷ്യം.

16 വയസിന് മുകളിലുള്ളവര്‍ക്ക് തേജോമയ, 12 വയസിന് താഴെയുള്ളവര്‍ക്ക് എസ്.ഒ.എസ്., പഠിക്കുന്ന കുട്ടികള്‍ക്ക് തൃശൂര്‍ ഹോം എന്നിങ്ങനെ വിവിധ ഹോമുകളാണ് പ്രവര്‍ത്തിക്കുന്നത് എന്നും ശൈലജ ടീച്ചര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

content highlights: reports suggesting the closure of nirbhaya home’s are baseless says KK Shailaja