സ്വർണക്കടത്ത് കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ ചോദ്യം ചെയ്ത കാരാട്ട് ഫെെസൽ കൊടുവള്ളി നഗരസഭയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ആകില്ല. ഫെെസലിനോട് മത്സരിക്കേണ്ടന്ന് സിപിഎം കോഴിക്കോട് ജില്ല കമ്മറ്റി ആവശ്യപ്പെട്ടു. സംസ്ഥാന കമ്മറ്റിയുടെ നിർദ്ദേശപ്രകാരമാണ് ജില്ലാ കമ്മറ്റിയുടെ തീരുമാനം.
നേരത്തെ കാരാട്ട് ഫെെസലിനെ കൊടുവള്ളി ചൂണ്ടപ്പുറത്ത് ഇടത് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നു. സി.പി.ഐ.എം നേതാക്കളേയും കാരാട്ട് റസാഖിനേയും വേദിയിലിരുത്തി പി.ടി.ഐ റഹീം എംഎൽഎ ആണ് ഫെെസലിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. തുടർന്ന് കാരാട്ട് ഫെെസലിൻ്റെ സ്ഥാനാർത്ഥിത്വം വലിയ വിവാദമുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മത്സരിപ്പിക്കേണ്ടതെന്ന തീരുമാനം വരുന്നത്.
അതേസമയം മത്സരത്തിൽ നിന്ന് താൻ സ്വയം മാറിയതാണെന്നാണ് കാരാട്ട് ഫെെസലിൻ്റെ വിശദീകരണം. നിലവിൽ കൊടുവള്ളി നഗരസഭയിലെ ഇടത് കൌൺസിലറാണ് കാരാട്ട് ഫെെസൽ. നേരത്തെ സ്വർണ്ണകടത്ത് കേസിൽ കാരാട്ട് ഫെെസലിനെ അന്വേഷണ ഏജൻസികൾ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. സ്വർണക്കടത്തിന് പണം നിക്ഷേപിച്ചവരിൽ കാരാട്ട് ഫെെസൽ ഉണ്ടെന്നും ആരോപണം ഉയർന്നിരുന്നു.
content highlights: Karat Faisal will not contest in Koduvally