ന്യൂഡല്‍ഹി: ജനുവരി അഞ്ചിന് ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ നടന്ന മുഖംമൂടി ആക്രമണ സംഭവത്തില്‍ ഡല്‍ഹി പൊലീസിന് ക്ലീന്‍ ചിറ്റ്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്‌തെങ്കിലും ഇതു വരെയും ആരെയും അറസ്റ്റ് ചെയ്തിരുന്നില്ല. അക്രമത്തില്‍ ലോക്കല്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായ വീഴ്ച്ച പരിശോധിക്കാനും ജെഎന്‍യുവില്‍ നടന്ന അതിക്രമങ്ങളെ കുറിച്ച് അന്വേഷിക്കാനും നിയോഗിച്ച കമ്മിറ്റിയാണ് ഡല്‍ഹി പൊലീസിന് ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നത്.
അന്നത്തെ പോലീസ് കമ്മീഷണര്‍ അമൂല്യ പട്‌നായിക്കിന്റെ നിര്‍ദ്ദേശ പ്രകാരം ജോയിന്റ് പൊലീസ് കമ്മീഷണര്‍ (വെസ്റ്റേണ്‍ റേഞ്ച്) ശാലിനി സിങ്ങിന്റെ നേതൃത്വത്തിലാണ് കമ്മിറ്റി രൂപീകരിച്ചത്. നാല് ഇന്‍സ്‌പെക്ടര്‍മാരും രണ്ട് എസിപികളും അടങ്ങുന്നതാണ് കമ്മിറ്റി. മുഖംമൂടി ധരിച്ച നൂറോളം ആളുകളാണ് നാല് മണിക്കൂറുകളോളം സര്‍വ്വകലാശാലയില്‍ വടികളും ഇരുമ്പ് ദണ്ഡുകളും ഉപയോഗിച്ച് ആക്രമണം നടത്തിയത്. ഇതില്‍ 36 വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിരുന്നു.
ക്യാമ്പസില്‍ ദിവസം മുഴുവന്‍ അക്രമം നടന്നെങ്കിലും പൊലീസ് ഇടപെടലിലൂടെ പ്രശ്‌നങ്ങള്‍ നിയന്ത്രണ വിധേയമാക്കി എന്നാണ് പ്രസ്താവനകള്‍ രേഖപ്പെടുത്തിയതിന് ശേഷം കമ്മിറ്റിയുടെ നിഗമനം. അക്രമം നടക്കുമ്പോള്‍ എന്തുകൊണ്ട് പൊലീസ് ഇടപെട്ടില്ലെന്ന് ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ജാമിയ മിലിയ സര്‍വകലാശാലയിലെ നടപടികള്‍ ചൂണ്ടികാട്ടി അധികൃതരുടെ അനുമതിയോടെ മാത്രമേ ജെഎന്‍യുവില്‍ പൊലീസിന് പ്രവേശിക്കാന്‍ കഴിയൂ എന്ന് സംഘം വിശദമാക്കി.
സര്‍വ്വകലാശാല അധികൃതരുടെ നിര്‍ദ്ദേശപ്രകാരമാണ് പുറത്ത് നിന്നതെന്നും, പ്രശ്‌നങ്ങളില്ലെന്ന് ഉറപ്പ് വരുത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlight: JNU January 5 violence police give themselves a clean chit