പൊലീസ് നിയമ ഭേദഗതിയിലെ വിവാദ ഭാഗങ്ങൾ തിരുത്താനൊരുങ്ങി സംസ്ഥാന സർക്കാർ. പാർട്ടിയിലും മുന്നണിയിലും നിന്നടക്കം ശക്തമായ വിമർശനങ്ങൾ ഉയരുന്ന പശ്ചാത്തലത്തിലാണ് സർക്കാർ നീക്കം. സാമൂഹ്യമാധ്യമങ്ങളിലെ അധിക്ഷേപമെന്ന തരത്തിൽ നിയമം കൃത്യമാക്കുന്നതിനെ പറ്റി സർക്കാർ തലത്തിൽ ചർച്ച നടക്കുന്നുണ്ട്. താമസിയാതെ ഈക്കാര്യത്തിൽ വ്യക്തത വരുത്തുമെന്ന് സിപിഎം നേതൃത്വം അറിയിച്ചു. പൊലീസ് നിയമഭേദഗതി അഭിപ്രായ സ്വാതന്ത്ര്യത്തെയോ നിഷ്പക്ഷ മാധ്യമപ്രവർത്തനത്തെയോ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി പറയുന്നതിന് അപ്പുറം നിയമപരമായ തിരുത്തൽ തന്നെ വേണമെന്നാണ് സിപിഎം നിലപാട്.
ഏതു മാധ്യമമായാലും അപകീർത്തികരമായ രീതിയിൽ പ്രസിദ്ധീകരിച്ചാൽ കേസ് എടുക്കണം എന്ന രീതിയിലാണ് നിയമം ഭേദഗതി ചെയ്തത്. എന്നാൽ വിവാദമായതോടെ സാമൂഹ്യമാധ്യമങ്ങൾക്കെതിരെ മാത്രമെ കേസെടുക്കു എന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. നിയമ ഭേദഗതിയ്ക്കെതിരെ പൊലീസിനും വിയോജിപ്പുണ്ട്, ചാനലുകളോ പത്രങ്ങളോ പ്രസിദ്ധീകരിക്കുന്ന വാർത്തകൾക്കെതിരെ ഒരോരുത്തരും പരാതിയുമായി പൊലീസ് സ്റ്റേഷനിൽ വന്നാലുള്ള അപകടവും പൊലീസ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് തിരുത്തൽ വരുത്താൻ സർക്കാർ ആലോചിക്കുന്നത്. അതിനിടെ നിയമഭേദഗതിക്കെതിരെ കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് പ്രതിപക്ഷം.
content highlights: Controversy erupts over the Kerala Police Act Amendment