എം. കെ. രാഘവൻ എം.പിക്കെതിരെ വിജിലൻസ് അന്വേഷണം. കെെക്കൂലി ആരോപണം, ലോക് സഭ തെരഞ്ഞെടുപ്പിൽ അധിക തുക ചെലവഴിച്ചെന്ന വെളിപ്പെടുത്തൽ എന്നിവയിലാണ് അന്വേഷണം. കെെക്കൂലി കേസിൽ കേസെടുക്കാൻ ലോക്സഭ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്ന് നിയമോപദേശം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിജിലൻസ് കോഴിക്കോട് യൂണിറ്റ് കേസ് റജിസ്റ്റർ ചെയ്തത്.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് എം. കെ. രാഘവനെതിരെ കെെക്കൂലി ആരോപണം ഉയർന്നത്. ടിവി 9 എന്ന ചാനലാണ് സ്റ്റിങ് ഓപറേഷനിലൂടെ എം.കെ രാഘവൻ്റെ ചില വെളിപ്പെടുത്തലുകൾ പുറത്തുവിട്ടത്. ഫെെവ് സ്റ്റാർ ഹോട്ടൽ തുടങ്ങാനെന്ന പേരിലാണ് ചാനൽ എം.കെ രാഘവനെ സമീപിച്ചത്. തെരഞ്ഞെടുപ്പ് ചെലവുകൾക്ക് അഞ്ചു കോടി രൂപ നൽകണമെന്ന് എംപി ആവശ്യപ്പെടുത്ത ദൃശ്യങ്ങളാണ് ചാനൽ പുറത്തുവിട്ടത്. അഞ്ച് കോടി രൂപ ഡൽഹി ഓഫീസിൽ എത്തിക്കാനും എം.പി ആവശ്യപ്പെട്ടിരുന്നു.
2014 തെരഞ്ഞെടുപ്പിൽ 20 കോടി രൂപ ചെലവഴിച്ചുവെന്ന വെളിപ്പെടുത്തലും ഒളിക്യാമറ ദൃശ്യങ്ങളിലൂടെ പുറത്തുവന്നിരുന്നു. എന്നാൽ എം. കെ രാഘവൻ എം.പിയായതിനാൽ കേസന്വേഷണത്തിന് ലോക്സഭ സ്പീക്കറുടെ അനുമതി വേണമെന്നായിരുന്നു നിയമ വകുപ്പിൻ്റെ നിലപാട്. എന്നാല്‍ ഇത് ആവശ്യമില്ലെന്ന് വിജിലന്‍സ് ഡയറക്ടറുടെ നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
content highlights: Vigilance register case against MK Raghavan MP