വി.ഡി. സതീശൻ എംഎൽഎയ്ക്കെതിരേയും വിജിലൻസ് അന്വേഷണം. പുനർജ്ജനി പദ്ധതിയിൽ വിദേശ സഹായം തേടിയെന്ന പരാതിയിൽ അന്വേഷണം ആവശ്യപ്പെട്ട് സർക്കാർ സ്പീക്കറുടെ അനുമതി തേടി. ഇത് സംബന്ധിച്ച് ആഭ്യന്തര വകുപ്പ് നിയമസഭാ സെക്രട്ടറിയേറ്റിന് കത്ത് കെെമാറി. പരാതിയില്‍ വിജിലന്‍സ് രഹസ്യാന്വേഷണം നടത്തിയിരുന്നു. പ്രാഥമികാന്വേഷണത്തിന് വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിനോട് അനുമതി തേടി കത്ത് നല്‍കിയിരുന്നു. ഇതിനെ തുടർന്നാണ് സർക്കാരിൻ്റെ നടപടി.
പറവൂർ എംഎൽഎ ആയിരിക്കെ വി. ഡി. സതീശൻ ആവിഷ്കരിച്ച ‘പുനർജനി: പറവൂരിന് പുതുജീവൻ’ എന്ന പദ്ധതി നിയമസഭാ സെക്രട്ടറിയേറ്റിൻ്റെ അറിവോടെയല്ലെന്ന വിവരാവകാശ രേഖ പുറത്തുവന്നിരുന്നു. എന്നാൽ കേന്ദ്ര സർക്കാരിൻ്റെ അനുമതിയോടെയാണ് വിദേശയാത്ര നടത്തിയതെന്നാണ് വി.ഡി. സതീശൻ എംഎൽഎയുടെ വിശദീകരണം. എന്നാൽ പ്രളയ ദുരിതാശ്വാസ ഫണ്ടിനായി വിദേശ യാത്ര നടത്താൻ മന്ത്രിമാർക്ക് കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നില്ല.
ലണ്ടനിലെ ബർമിങ് ഹാമിലെ വിരുന്നിനിടെ വിദേശ വകുപ്പിൻ്റെ അനുമതി ഇല്ലാതെ പദ്ധതിയ്ക്കായി എംഎൽഎ പണം ആവശ്യപ്പെട്ടെന്ന് പരാതി വന്നിരുന്നു. ഇതിൻ്റെ വിഡിയോയും പുറത്തുവന്നിരുന്നു. ഇത് വിജിലൻസ് പരിശോധിക്കുകയും പരാതിക്കാരുടെ മൊഴി എടുക്കുകയും ചെയ്തിരുന്നു.
content highlights: vigilance probe against V. D. Satheesan