കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികള്‍ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ പുനഃരാരംഭിച്ചു. കേസില്‍ സ്പെഷ്യല്‍ പ്രൊസിക്യൂട്ടര്‍ രാജി വെച്ചതായി കോടതിയെ ഇന്ന് ഔദ്യോഗികമായി അറിയിച്ചു. പ്രോസിക്യൂട്ടര്‍ രാജി വെച്ച സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ ഡിസംബര്‍ രണ്ടാം തിയതിയിലേക്ക് മാറ്റുന്നതായി പ്രത്യേക വിചാരണ കോടതി അറിയിച്ചു. കേസില്‍ വിചാരണ നടപടികള്‍ തുടരണമെന്നും കോടതി അറിയിച്ചു.
വിചാരണ കോടതി മാറ്റണമെന്ന പരാതിക്കാരിയുടെയും പ്രോസിക്യൂഷന്റെയും ആവശ്യം ഹൈക്കോടതി തള്ളിയ ശേഷമുള്ള ആദ്യത്തെ വിചാരണ ദിവസമായിരുന്നു ഇന്ന്. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജിവെച്ച സാഹചര്യത്തില്‍ കോടതി ആവശ്യ പ്രകാരം അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസും ഇന്ന കോടതിയില്‍ ഹാജരായിരുന്നു. കേസില്‍ ഇനി എന്ത് നടപടി സ്വീകരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് കോടതിയെ അറിയിക്കണമെന്നും ആവശ്യപ്പെട്ടു.
അതേസമയം ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ പുരോഗമിക്കുകയാണ്. കേസില്‍ വിചാരണ കോടതി ജഡ്ജിയെ മാറ്റാന്‍ സുപ്രീംകോടതി അറിയിക്കുന്ന പക്ഷം രാജിവെച്ച എ സുകേശന് തന്നെ കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി തിരിച്ചെത്തുമെന്നാണ് സൂചന.
Content Highlight: Trial continues in Actress abduction case