കെഎസ്എഫ്ഇ ക്രമക്കേട്: റെയ്ഡ് വിവരങ്ങളുടെ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറി

തിരുവനന്തപുരം: കെഎസ്എഫ്ഇ ശാഖകളില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് 35 ശാഖകളില്‍ വിജിലന്‍സ് നടത്തിയ റെയ്ഡിന്റെ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറി. ക്രമക്കേടിന്റെ വിശദാംശങ്ങള്‍, ആരൊക്കെ കുറ്റക്കാര്‍, എടുക്കേണ്ട നടപടി, തുടങ്ങിയ കാര്യങ്ങളാണ് അന്തിമ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. കെഎസ്എഫ്ഇ റെയ്ഡിന്റെ പേരില്‍ പരസ്യ ചര്‍ച്ച വേണ്ടെന്നാണ് പാര്‍ട്ടിയിലും മുന്നണിയിലുമുള്ള ധാരണ.

വിജിലന്‍സ് ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും എസ്പിമാരുടെ വിശദമായ റിപ്പോര്‍ട്ട് രണ്ടാഴ്ച്ചക്ക് ശേഷമേ നല്‍കുവെന്നാണ് വിവരം. കെഎസ്എഫ്ഇ ചിട്ടിയില്‍ അഞ്ച് ക്രമക്കേടുകള്‍ നടക്കുന്നതായാണ് വിജിലന്‍സിന്റെ രഹസ്യാന്വേഷണവിഭാഗം കണ്ടെത്തിയത്. ഇതില്‍ ഏതെങ്കിലും ഒന്ന് പരിശോധനയില്‍ കണ്ടെത്തിയാല്‍ വിജിലന്‍സ് ഉദ്യോഗസ്ഥന്‍ ഇക്കാര്യം രേഖമൂലം വിജിലന്‍സ് ഡയറക്ടറേറ്റിനെ അറിയിക്കണം. ഇങ്ങനെ 35 ശാഖകളില്‍ ക്രമക്കേട് ഉണ്ടെന്നാണ് വിജിലന്‍സ് പ്രാഥമികറിപ്പോര്‍ട്ട്.

അതേസമയം, വിജിലന്‍സ് ആസ്ഥാനത്തേക്ക് പരാതികള്‍ എത്തുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കുമെതിരെ സര്‍ക്കാര്‍ അനുമതിയോടെ മാത്രമേ കേസെടുക്കാന്‍ സാധിക്കൂ എന്നതിനാല്‍ സംസ്ഥാനത്ത് വിജിലന്‍സ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന കാര്യത്തില്‍ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2016ല്‍ 337 ആയി ഉയര്‍ന്നു. 2017ല്‍ 151 ആയി കുറഞ്ഞു. 2018 ല്‍ 91ഉം കഴിഞ്ഞ വര്‍ഷം 76 ഉം ആയി കുത്തനെ കുറഞ്ഞതായാ് റിപ്പോര്‍ട്ട്.

Content Highlight: Hand over the Raid report to Vigilance Director on KSFE scam