ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയ്ക്കെതിരെ പ്രതിഷേധവുമായി സ്പാനിഷ് വനിതാ ഫുട്ബോൾ താരം. മറഡോണ ബലാത്സംഗ കുറ്റവാളിയാണെന്നും അങ്ങനെയൊരാളെ ആദരിക്കാൻ തന്നെ കിട്ടില്ലെന്നും പ്രഖ്യാപിച്ചാണ് ഫുട്ബോൾ താരമായ പൗല ഡപെന പ്രതിഷേധം അറിയിച്ചത്. ഫുട്ബോൾ മത്സരത്തിന് മുമ്പ് ഇരു ടീമുകളിലേയും താരങ്ങൾ മൗനാചരണം നടത്തിയപ്പോൾ അതേ നിരയിൽ നിലത്ത് തിരിഞ്ഞിരുന്നാണ് ഡപെന പ്രതിഷേധിച്ചത്.
വിയാജെസ് ഇൻ്റെരിയാസ്-ഡിപോർടീവോ അബൻക്ക മത്സരത്തിന് തൊട്ടുമുമ്പാണ് ഇരു ടീമുകളും മൗനാചരണം നടത്തിയത്. എന്നാൽ വിയാജെസിൻ്റെ താരമായ 24കാരിയായ ഡപെന ഇതിന് തയ്യാറായില്ല. ടീം അംഗങ്ങൾ നിരന്നു നിൽക്കുമ്പോൾ താരം തിരിഞ്ഞ് നിലത്തിരുന്നു. ലെെംഗിക കുറ്റവാളിയായ, കുട്ടികളെ ലെെംഗികമായി ചൂഷണം ചെയ്യുന്ന സാമാന്യ മര്യാദ ജീവിതത്തിൽ പാലിക്കാത്ത അയാൾക്ക് വേണ്ടി മൗനം പാലിക്കാൻ തയ്യാറല്ലെന്ന് ഡപെന പറഞ്ഞു. ചൂഷണത്തിന് ഇരയായവർക്ക് വേണ്ടി മൗനമാചരിക്കാൻ ആർക്കും സമയമില്ല. എന്നാൽ പീഡിപ്പിച്ച ആൾക്ക് വേണ്ടി മൗനാചരണം നടത്തുന്നു. ഇതിനോട് യോജിക്കാൻ കഴിയില്ലെന്നും താരം പറഞ്ഞു. പ്രതിഷേധത്തിന് പിന്നാലെ താരത്തിനെതിരെ വധ ഭീഷണി അടക്കം ഉയർന്നിട്ടുണ്ട്.
content highlights: Female footballer cops death threats over Diego Maradona protest