അയോധ്യയിലെ സരയു നദിയില്‍ ആഡംബര നൗക സര്‍വീസുമായി കേന്ദ്രസര്‍ക്കാര്‍

Ramayan cruise service in river sarayu

അയോധ്യ സന്ദർശിക്കുന്നവർക്കായി സരയു നദിയിലൂടെ ആഡംബര ലൌക സർവീസ് സൌകര്യം ഒരുക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. ‘രാമായൺ ക്രൂയിസ് സർവീസ്’ എന്ന് പേരിട്ടിരിക്കുന്ന സർവീസ് ഉടൻ ആരംഭിക്കുമെന്നാണ് കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി മൻസുഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തത്. സരയു നദിയിലെ ആദ്യ ആഡംബര നൌക സർവീസ് ആയിരിക്കും ഇതെന്ന് വിഷയവുമായി ബന്ധപെട്ട യോഗത്തിന് ശേഷം മൻസുബ് മാണ്ഡവ്യ കൂട്ടിച്ചേർത്തു.

നൌകയിൽ ആഢംബര സൌകര്യങ്ങൾക്ക് പുറമെ രാജ്യാന്തര നിലവാരത്തിലുള്ള സുരക്ഷാ സംവിധാനങ്ങളും ഉണ്ടായിരിക്കും. ‘രാമചരിതമാനസി’നെ അടിസ്ഥാനമാക്കിയാണ് നൌകയുടെ ഉൾഭാഗവും ബോർഡിങ് പോയിന്റും സജ്ജീകരിക്കുന്നത്. ഒന്ന് മുതൽ ഒന്നര മണിക്കൂർ വരെയാണ് സർവീസിന്റെ ദൈർഘ്യം. മുഴുവനായും എയർ കണ്ടീഷൻ ചെയ്ത നൌകയിൽ 80 സീറ്റുകളായിരിക്കും ഉണ്ടാകുന്നത്. സഞ്ചാരികൾക്ക് ഘട്ടുകളുടെ സൌന്ദര്യം ആസ്വദിക്കുന്നതിനായി ചില്ല് ജനാലകളായിരിക്കും നൌകയ്ക്ക് ഉണ്ടായിരിക്കുക

കൂടാതെ യാത്രക്കാർക്ക് ഭക്ഷണം നൽകുന്നതിനുള്ള പാൻട്രി സൌകര്യവും ബയോ ടോയ്ലെറ്റ് സൌകര്യവും നൌകയിൽ ഉണ്ടായിരിക്കുമെന്ന് തുറമുഖ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെല്ലാം പുറമേ ആഢംബര നൌകയിൽ യാത്രക്കാർക്കായി രാമായണ കഥയെ അടിസ്ഥാനമാക്കിയുള്ള സിനിമകളും ആനിമേഷനുകളും പ്രദർശിപ്പിക്കുന്നതായിരിക്കും. രാമായണത്തിലെ സന്ദർഭങ്ങളെ അടിസ്ഥാനപെടുത്തിയ സെൽഫി പോയിന്റുകളും ഉണ്ടാകും. 15 മുതൽ 16 കിലോമീറ്റർ ദൂരമാണ് നൌക സഞ്ചരിക്കുന്നത്.

Content Highlights; Ramayan cruise service in river sarayu