ഇന്ത്യയിലെ കൊവിഡ് വാക്സിനുകളുടെ പരീക്ഷണം അന്തിമ ഘട്ടത്തിലെന്ന് ഡൽഹി എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ. ഡിസംബർ അവസാനമോ ജനുവരി ആദ്യമോ ഇതിൽ ഏതെങ്കിലും വാക്സിന് അധികൃതരുടെ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. പരീക്ഷണം നടക്കുന്ന വാക്സിനുകൾ സുരക്ഷിതവും കാര്യക്ഷമവുമാണെന്നതിന് നിലവിൽ ആവശ്യത്തിന് തെളിവുകൾ ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ എൺപതിനായിരത്തോളം ആളുകളിൽ വാക്സിൻ പരീക്ഷണം നടത്തിയിട്ടുണ്ട്. ആരിലും ഗുരുതര പാർശ്വ ഫലങ്ങളൊന്നും കാണാൻ സാധിച്ചിട്ടില്ലെന്നും രൺദീപ് ഗുലേറിയ പറഞ്ഞു. നിലവിൽ ഓക്സ്ഫോഡിന്റെ കോവിഷീൽഡ് വാക്സിനും റഷ്യയുടെ സ്ഫുടിനിക് വിയും സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ക്ലിനിക്കൽ ട്രയൽ ഘട്ടത്തിലാണ്. ഓക്സ്ഫോഡ് വാക്സിനെതിരെ ചെന്നൈ സ്വദേശി ഉയർത്തിയ ആരോപണം വസ്തുതാപരമല്ലെന്നും വാക്സിൻ പരീക്ഷണം നടത്തുമ്പോൾ അവരിൽ ചിലർക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകും അത് വാക്സിനുമായി ബന്ധപെട്ടതാണെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ബൂസ്റ്റർ ഡോസ് നൽകി കഴിഞ്ഞാൽ ശരീരത്തിൽ ആന്റിബോഡി വലിയതോതിൽ ഉത്പാദിപ്പിക്കപെടും. ഇത് ഏതാനും മാസങ്ങളോളം നിലനിൽക്കുകയും ചെയ്യും. തുടക്കത്തിൽ എല്ലാവർക്കും നൽകുന്നതിനുള്ള വാക്സിൻ ലഭ്യമാകില്ല. അതു കൊണ്ട് മുൻഗണന പട്ടിക തയ്യാറാക്കി അത് പ്രകാരം പ്രായമുള്ളവർ, രോഗബാധിതർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർക്കായിരിക്കും ആദ്യഘട്ട വിതരണമെന്ന് അദ്ധേഹം പറഞ്ഞു. രോഗ വ്യാപനത്തിന്റെ കാര്യത്തിൽ അടുത്ത മൂന്ന് മാസങ്ങൾക്കിടയിൽ വലിയൊരു മാറ്റം ഉണ്ടാുമെന്നും രൺദീപ് ഗുലേറിയ പറഞ്ഞു.
Content Highlights; Hoping to get emergency use authorization by December- Dr. Randeep Guleria