ശിശുക്ഷേമ സമിതി കണ്ണൂർ ജില്ലാ ചെയർമാനെതിരെ പോക്സോ കേസ്. ചെെൽഡ് വെൽഫെയറിലേക്ക് കൗൺസിലിംഗിനായി എത്തിയ പെൺകുട്ടിയോട് മോശമായി പെരുമാറിയതിനാണ് ചെയർമാൻ ഇ.ഡി ജോസഫിനെതിരെ കേസെടുത്തത്. പരാതിക്കാരിയായ പെൺകുട്ടി മജിസ്ട്രേറ്റിന് രഹസ്യ മൊഴി നൽകിയതിനെ തുടർന്നാണ് കേസെടുത്തത്. ഒക്ടോബർ 21നാണ് സംഭവം നടക്കുന്നത്. പോക്സോ കേസിൽ ഇരയായ പെൺകുട്ടിയെ കൗൺസിലിംഗിനായി തലശ്ശേരി എരഞ്ഞോളിയിലെ ശിശുക്ഷേമ സമിതിയുടെ ഓഫീസിലെത്തിച്ചപ്പോൾ പ്രതി കൗൺസിലിംഗിനിടെ മോശമായി പെരമാറുകയായിരുന്നുവെന്നാണ് പരാതി.
രഹസ്യമൊഴി നൽകുന്നതിനിടെ പെൺകുട്ടി ഈക്കാര്യം മജിസ്ട്രേറ്റിനെ അറിയിച്ചു. അതേസമയം ആരോപണം നിഷേധിച്ച് ചെയർമാൻ ഇ.ഡി ജോസഫ് രംഗത്തുവന്നു. കുട്ടിയോട് കേസുമായി ബന്ധപ്പെട്ട വിഷയം മാത്രമാണ് സംസാരിച്ചതെന്നും അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും ജോസഫ് പറഞ്ഞു. വനിത കൗൺസിലറുടെ സാന്നിധ്യത്തിലാണ് പെൺകുട്ടിയോട് സംസാരിച്ചതെന്നും ലെെംഗികച്ചുവയോടെ ഒന്നും ചോദിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും ജോസഫ് പറഞ്ഞു.
content highlights: POCSO case against Kannur Child Welfare Chairman