ആന്ധ്രാപ്രദേശില്‍ അജ്ഞാത രോഗം; 228 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് രോഗം

എലുരു: അപസ്മാരത്തിന് സമാനമായ രോഗ ലക്ഷണങ്ങളോടെ ആന്ധ്രാപ്രദേശിലെ ഏലൂരില്‍ 228 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗം പിടിപ്പെട്ടവര്‍ക്ക് പെട്ടെന്ന് തളര്‍ന്നു വീഴുകയും ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുകയും ചെയ്തിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ രോഗംപിടിപെട്ട രോഗികള്‍ക്ക് പരസ്പരം ബന്ധമില്ലെന്നും ഒന്നിച്ച് ഒരുപരിപാടിയിലും പങ്കെടുത്തിട്ടില്ലെന്നും ഇവരെ ചികിത്സിച്ച ഡോക്ടര്‍മാര്‍ അറിയിച്ചു.

കൂടതല്‍ ആളുകള്‍ക്ക് രോഗബാധ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ മെഡിക്കല്‍ വിദഗ്ധ സംഘം എലുരുവിലെ രോഗബാധിത പ്രദേശങ്ങളിലെത്തി പരിശോധന നടത്തി. രോഗികളുടെ രക്ത പരിശോധന റിപ്പോര്‍ട്ടുകളില്‍ കാര്യമായ പ്രശ്‌നം കണ്ടെത്താന്‍ കഴിഞ്ഞില്ല. അതിനാല്‍ തന്നെ അജ്ഞാത രോഗമെന്ന വിലയിരുത്തലില്‍ വിദഗ്ധര്‍ എത്തിച്ചേരുകയായിരുന്നു. ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും സര്‍ക്കാര്‍ എല്ലാ വിധ നടപടികളും സ്വീകരിച്ചതായും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി അറിയിച്ചു.

ആരോഗ്യനില ഭേദപ്പെട്ട 70 പേര്‍ ഇതിനോടകം ആശുപത്രിവിട്ടു. അതേസമയം 76 സ്ത്രീകളും 46 കുട്ടികളും വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുകയാണ്. ഇതില്‍ ഏറെയും പ്രായമുള്ളവരും ചെറിയ കുട്ടികളുമാണ്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി വിജയവാഡയില്‍ അടിയന്തര മെഡിക്കല്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി. ആരോഗ്യനില മോശമായ ഒരുകുട്ടിയെ വിജയവാഡയിലെ ആശുപത്രിയിലേക്ക് മാറ്റി.

Content Highlight: Over 200 hospitalized as mystery disease strikes parts of Eluru