കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ആരംഭിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ ഭാഗമായി കേരളത്തിൽ ബന്ദുണ്ടാകില്ലെന്നും പകരം കരിദിനമായി ആചരിക്കുമെന്നും സംഘടനകൾ അറിയിച്ചിട്ടുണ്ട്. 18 ഓളം രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയോടെ ആണ് ഭാരത് ബന്ദ് പുരോഗമിക്കുന്നത്. 15 ലക്ഷത്തിലധികം രാഷ്ട്രീയ സംഘടനകളും വിവിധ ബാങ്ക് യൂണിയനുകളും ഗുഡ്സ് ആൻഡ് ട്രാൻസ്പോർട്ട് യൂണിയനും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അവശ്യ സർവീസുകൾ തടസപെടുത്തില്ലെന്ന് കർഷക സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്.
ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കൂടുതൽ കർഷകർ ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദില്ലിയുടെ അതിർത്തി വളയും. ഹരിയാന പഞ്ചാബ് സംസ്ഥാനങ്ങളിൽ 3 മണി വരെ കർഷകർ റോഡ് ഉപരോധിക്കും. തെലങ്കാനയിൽ 10 മണി മുതൽ 12 മണി വരെ വഴി തടയും. 11 മണി മുതൽ 3 മണി വരെയാണ് റോഡുകൾ ഉപരോധിക്കുന്നത്. എന്നാൽ വാഹനങ്ങൾ തടയുകയോ നിർബന്ധിച്ച് കടകൾ അടപ്പിക്കുകയോ ചെയ്താൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡൽഹി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
നാളെയാണ് കേന്ദ്ര സർക്കാരുമായി നാലാം ഘട്ട ചർച്ച കർഷക സംഘടനകൾ നടത്തുന്നത്. കാർഷിക നിയമത്തിലെ മൂന്ന് നിയമങ്ങളും ഉപാധികളില്ലാതെ പിൻവലിക്കുന്നതിൽ കുറഞ്ഞ ഒരൊത്തു തീർപ്പിനും തയാറല്ലെന്നാണ് കർഷക സംഘടനകൾ കേന്ദ്ര സർക്കാരിനെ അറിയിച്ചത്.
Content Highlights; Bharat bandh begins