ബംഗാളിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള പോര് രൂക്ഷമാകുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഭരണത്തിൽ ബംഗാളിൽ അരാജകത്വവും അക്രമവും വർധിക്കുകയാണെന്ന് അമിത് ഷാ വ്യക്തമാക്കി. രാഷ്ട്രീയ അക്രമങ്ങൾ സ്ഥാപനവത്കരിക്കപെട്ടതായും തൃണമൂൽ ഭരണം ആശങ്കപെടുത്തുന്നത് ആണെന്നും അമിത് ഷാ കുറ്റപെടുത്തി. കൂടാതെ ബംഗാളിൽ നിയമ വാഴ്ചയില്ലെന്ന് ബിജെപിയുടെ മറ്റ് നേതാക്കളും വ്യക്തമാക്കി.
വ്യാഴാഴ്ചയായിരുന്നു ബിജെപി അധ്യക്ഷൻ ജെപി നദ്ദ, കൈലാഷ് വിജയ വർഗിയ എന്നിവരുടെ വാഹന അകമ്പടിക്ക് നേരെ കല്ലേറുണ്ടായത്. പാർട്ടി പൊതു യോഗത്തിൽ പങ്കെടുക്കുന്നതിനായി പോകവേയായിരുന്നു ഇവരുടെ വാഹന വ്യൂഹത്തിന് നേരെ കല്ലേറുണ്ടായത്. കല്ലേറ് സംഭവം ബിജെപിയുടെ നാടകമാണെന്നാണ് തൃണമൂൽ കോൺഗ്രസും മമതാ ബാനർജിയും വ്യക്തമാക്കുന്നത്. ഇതേ തുടർന്ന് ഡിസംബർ 19, 20 തീയതികളിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബംഗാൾ സന്ദർശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
നദ്ദക്കെതിരായ അക്രമത്തിന് പ്രതികാരം ചെയ്യുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ് ഫേസ്ബുക്കിൽ കുറിച്ചു. ആയുധങ്ങളുമായാണ് ബിജെപി സ്വന്തം റാലിക്ക് എത്തുന്നതെന്നും അവർ പരസ്പരം ആക്രമിച്ച് തൃണമൂലിനെ പഴി പാരുന്നുവെന്നും മമതാ ബാനർജി പറഞ്ഞു. കൂടാതെ ബിഎസ്എഫ്, സിആർപിഎഫ് സിഐഎസ്എഫ് എന്നിവരുമായാണ് ബിജെപി സംസ്ഥാനത്ത് എത്തുന്നതെന്നും പിന്നെ നിങ്ങൾ എന്തിനാണ് ഭയക്കുന്നതെന്നും മമത ചോദിച്ചു. കഴിഞ്ഞ ആഴ്ച ബിജെപി പ്രവർത്തകൻ കൊല്ലപെട്ടതിനെ തുടർന്ന് സംസ്ഥാന വ്യാപകമായ സമരം നടത്തിയിരുന്നു. 2021 ലാണ് ബംഗാളിലെ സംസ്ഥാന തെരഞ്ഞെടുപ്പ് നടക്കുന്നത്.
Content Highlights; Amit Shah to visit Bengal weeks after the attack on Nadda convoy, bitter battle with TMC