തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ പദവി സംവരണം പുനക്രമീകരിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് തള്ളി 

High Court verdict on LSG reservation

തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ പദവി തുടർച്ചയായി സംവരണം ചെയ്യുന്നത് ഒഴിവാക്കി പുനക്രമീകരണം ചെയ്യണമെന്ന ഹെെക്കോടതി സിംഗിൾ ബെഞ്ച്  ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. തെരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ച സംവരണക്രമം മാറ്റേണ്ടതില്ലെന്നാണ് ഡിവിഷൻ ബെഞ്ചിൻ്റെ ഉത്തരവ്. വെെകിയ വേളയിൽ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപെടരുതെന്ന് കാണിച്ച് സംസ്ഥാന സർക്കാരും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും നൽകിയ അപ്പീൽ പരിഗണിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസിൻ്റെ അധ്യക്ഷതയിലുള്ള ബെഞ്ചിൻ്റെ ഉത്തരവ്. 

തുടർച്ചയായി രണ്ടു തവണയിൽ കൂടുതൽ സംവരണം ചെയ്യപ്പെട്ട തദ്ദേശസ്ഥാപനങ്ങളുടെ അധ്യക്ഷപദവി ഇത്തവണ പൊതുവിഭാഗത്തിൽ ഉൾപ്പെടുത്തണമെന്നായിരുന്നു സിംഗിൽ ബെഞ്ചിൻ്റെ ഉത്തരവ്. കഴിഞ്ഞ 12ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ച ശേഷമാണ് സിംഗിൽ ബെഞ്ച് സംവരണ വിഷയത്തിൽ ഉത്തരവ് പുറപ്പെടുവിച്ചത്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചതിന് ശേഷമുള്ള ഇടപെടൽ ശരിയല്ലെന്നാണ് ഡിവിഷൻ ബെഞ്ചിൻ്റെ കണ്ടെത്തൽ. 

content highlights: High Court verdict on LSG reservation