അഹമ്മദാബാദ് ചലചിത്ര മേളയിൽ മികച്ച നടനുള്ള പുരസ്കാരം ഗിന്നസ് പക്രുവിന് 

Guinness pakru wins the best actor award in Ahmedabad film festival Ilayaraja Movie

ഗുജറാത്തിലെ അഹമ്മദാബാദ് രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി ഗിന്നസ് പക്രു.  മാധവ രാംദാസ് സംവിധാനം ചെയ്ത ഇളയരാജയിലെ പ്രകടനത്തിനാണ് ഗിന്നസ് പക്രു അവാര്‍ഡ് കരസ്ഥമാക്കിയത്. തൃശൂര്‍ റൗണ്ടില്‍ കപ്പലണ്ടി വില്‍പ്പനക്കാരനായ വനജനെയാണ് ഗിന്നസ് പക്രു ഇളയരാജയില്‍ അവതരിപ്പിച്ചത്. വനജൻ്റെ അതിജീവനത്തെ കേന്ദ്രീകരിച്ചായിരുന്നു സിനിമ.

ഇളയരാജയ്ക്ക് മികച്ച നടന്‍ വിഭാഗത്തിലടക്കം മൂന്ന് പുരസ്‌കാരങ്ങള്‍ ലഭിച്ചു.  പശ്ചാത്തല സംഗീതത്തിന് രതീഷ് വേഗയ്ക്കും ഗോള്‍ഡന്‍ കൈറ്റ് പുരസ്‌കാരം സിനിമക്കും ലഭിച്ചു. ഇളയരാജയുടെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് എഴുത്തുകാരന്‍ സുദീപ് ടി. ജോര്‍ജാണ്. ഹരിശ്രീ അശോകന്‍, ദീപക് പറമ്പോല്‍, ഗോകുല്‍ സുരേഷ്, മാസ്റ്റര്‍ ആദിത്, ബേബി ആര്‍ദ്ര, എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. 

ഇതിന് മുമ്പും നിരവധി പുരസ്കാരങ്ങൾ ഗിന്നസ് പക്രുവിനെ തേടിയെത്തിയിട്ടുണ്ട്. യൂണിവേഴ്‌സല്‍ റെക്കോര്‍ഡ്‌സ് ഫോറം പുരസ്‌കാരം, ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്, ബെസ്റ്റ് ഓഫ് ഇന്ത്യ എന്നീ മൂന്ന് അവാര്‍ഡുകളാണ് പക്രു ഒരുദിവസം തന്നെ ഏറ്റുവാങ്ങിയത്. അത്ഭുതദ്വീപിലൂടെ ഏറ്റവും ഉയരം കുറഞ്ഞ സിനിമാ നായകനെന്ന ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ് പക്രു നേരത്തെ സ്വന്തമാക്കിയിരുന്നു.

content highlights: Guinness pakru wins the best actor award in Ahmedabad film festival Ilayaraja Movie