തിരുവനന്തപുരം: 28 വര്‍ഷത്തിന് ശേഷം സിസ്റ്റര്‍ അഭയ കൊലക്കേസില്‍ കോടതി വിധി ഇന്ന്. തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയാണ് രാവിലെ 11ന് 2 വൈദികര്‍ പ്രതികളായ കേസില്‍ വിധി പറയുന്നത്. ഒരു വര്‍ഷവും മൂന്നര മാസവും നീണ്ട വിചാരണ ഇക്കഴിഞ്ഞ ഡിസംബര്‍ 10നാണ് പൂര്‍ത്തിയായത്. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ജഡ്ജി സനല്‍ കുമാറാണ് കേസില്‍ വിധി പറയുന്നത്. ദൃക്‌സാക്ഷികളില്ലാതിരുന്ന കേസില്‍ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് സിബിഐ കേസന്വേഷണത്തിന് ഉപയോഗിച്ചത്.
1992 മാര്‍ച്ച് 27ന് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ അന്തേവാസി സിസ്റ്റര്‍ അഭയ എന്ന ബീന തോമസ് കൊല്ലപ്പെട്ട കേസിലാണ് തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി വിധി പറയുന്നത്. കേസിലെ ഒന്നാം പ്രതിയായ കോട്ടയം ബി.സി.എം കോളേജിലെ അഭയയുടെ അധ്യാപകനായിരുന്ന ഫാദര്‍ തോമസ് എം കോട്ടൂരും, മൂന്നാം പ്രതിയായ പയസ് ടെന്‍ത് കോണ്‍വെന്റ് ഹോസ്റ്റലിലെ താല്‍ക്കാലിക ചുമതലക്കാരി സിസ്റ്റര്‍ സെഫിയുമാണ് കേസില്‍ വിചാരണ നേരിട്ടത്. രണ്ടാം പ്രതി സ്ഥാനത്തുണ്ടായിരുന്ന ഫാദര്‍ ജോസ് പുതൃക്കയിലിനെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു. പയസ് ടെന്‍ത് കോണ്‍വെന്റ് ഹോസ്റ്റലില്‍ പ്രതികള്‍ തമ്മിലുള്ള ലൈംഗിക ബന്ധം അഭയ കാണാനിടയായത് കൊലപാതകത്തിന് കാരണമായെന്നാണ് സി.ബി.ഐ കുറ്റപത്രം.
കൊലപാതകം, ഹോസ്റ്റലിലേക്ക് അതിക്രമിച്ച് കയറി കൊലപ്പെടുത്തല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ സി.ബി.ഐ ചുമത്തിയിരിക്കുന്നത്. 49 സാക്ഷികളെ വിസ്തരിച്ചതില്‍ പ്രോസിക്യൂഷന്‍ സാക്ഷികളടക്കം 8 പേര്‍ കൂറ് മാറി. വൈദികര്‍ തന്നെ നടത്തിയ കൊലപാതകത്തില്‍ കടുത്ത ശിക്ഷ നല്‍കണമെന്നായിരിക്കും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെടുക. എന്നാല്‍ സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും ദുര്‍ബലമെന്ന മുന്‍ വാദം പ്രതിഭാഗം ആവര്‍ത്തിക്കും.
Content Highlight: Court Verdict on Sister Abhaya Case declare today