കോഴിക്കോട് ഒന്നര വയസ്സുകാരന് പുതിയതായി ഷിഗല്ല രോഗബാധ

കോഴിക്കോട്: കോഴിക്കോട് വെള്ളത്തില്‍ നിന്നും ഷിഗല്ല രോഗത്തിന്റെ ബാക്റ്റീരിയ കണ്ടെത്തിയതിന് പിന്നാലെ പുതിയതായി ഒന്നര വയസ്സുകാരനു കൂടി രോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. കുട്ടിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളത്തിലൂടെ രോഗം പകരുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രദേശത്തെ 110 കിണറുകള്‍ ശുചീകരിച്ചിരുന്നു. സാംപിള്‍ എടുത്തതുള്‍പ്പെടെ നാനൂറോളം കിണറുകളില്‍ ഇതിനകം സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തി.

കോഴിക്കോട് ജില്ലയില്‍ ഷിഗെല്ല രോഗം നിയന്ത്രണത്തിലെന്ന് ഡിഎംഒ അറിയിച്ചു. രോഗം റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളിലെ കിണറുകളില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ പൂര്‍ത്തിയാക്കി. കോട്ടാംപറമ്പില്‍ 11 വയസുകാരന്‍ മരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോഴിക്കോട് ജില്ലയില്‍ ഷിഗെല്ല രോഗം സ്ഥിരീകരിക്കുന്നത്. ഈ കുട്ടിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത ആറ് പേര്‍ക്ക് കൂടി പിന്നീട് രോഗം സ്ഥിരീകരിച്ചു. വയറിളക്കം, പനി, വയറുവേദന, ഛര്‍ദി, ക്ഷീണം, രക്തം കലര്‍ന്ന മലം. ഇതൊക്കെയാണ് ഷിഗല്ല രോഗത്തിന്റെ ലക്ഷണങ്ങള്‍.

ഷിഗെല്ല രോഗവ്യാപനത്തിന്റെ ഉറവിടം അറിയാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ നിന്നുള്ള ഡോ. എ.എല്‍.സച്ചിന്‍, ഡോ. നിഖില്‍ മേനോന്‍ എന്നിവര്‍ ഇന്നലെയും പ്രദേശത്ത് പരിശോധന നടത്തി. ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡിഎംഒ ഡോ .വി. ജയശ്രീ പറഞ്ഞു.

Content Highlight: One and half year old child detected with Shigella bacteria