കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം കൊണ്ടുവരുന്നതിനായി പ്രത്യേക നിയമസഭ ചേരുമെന്ന നിലപാടിലുറച്ച് സര്‍ക്കാര്‍. ഡിസംബര്‍ 31ന് ചേരാനാണ് തീരുമാനം. ശുപാര്‍ശ ഗവര്‍ണര്‍ക്ക് അയയ്ക്കാന്‍ ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രത്യേക നിയമസഭാ സമ്മേളനത്തിന് നേരത്തെ ഗവര്‍ണര്‍ അനുമതി നിഷേധിച്ച സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ വീണ്ടും ശുപാര്‍ശ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇത്തവണത്തെ ശുപാര്‍ശയ്ക്കും ഗവര്‍ണര്‍ വഴങ്ങിയില്ലെങ്കില്‍ കോടതിയെ സമീപിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
നേരത്തെ പ്രത്യേക നിയമസഭ ചേരാന്‍ സര്‍ക്കാര്‍ നല്‍കിയ ശുപാര്‍ശ ഗവര്‍ണര്‍ തള്ളിയിരുന്നു. ഇതിന് പിന്നാലെ സഭ ചേരേണ്ടതിൻ്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രത്യേക നിയമസഭ ചേരേണ്ടതിന്റെ അടിയന്തര സാഹചര്യമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ കത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നല്‍കിയ മറുപടി. നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കാന്‍ ഒരു മണിക്കൂര്‍ നിയമസഭ കൂടാനുള്ള ശുപാര്‍ശയാണ് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം തള്ളിയത്. ഇതിന് പിന്നാലെ സര്‍ക്കാരും പ്രതിപക്ഷവും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഗവര്‍ണറുടെ തീരുമാനത്തെ ശക്തമായി പ്രതിരോധിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
content highlights: Special Assembly will be held on December 31; recommendation will be sent to the governor