അമ്പതിനായിരം പേർക്ക് തൊഴിൽ, ക്ഷേമ പെൻഷൻ 1500 രൂപയാക്കി ഉയർത്തും; രണ്ടാംഘട്ട നൂറ് ദിന കർമ പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

CM Pinarayi Vijayan announces the second phase of the 100-day program

എൽഡിഎഫ് പ്രകടന പത്രികയിൽ പ്രഖ്യാപിച്ച 600 ഇന പരിപാടികളിൽ 570 എണ്ണം പൂർത്തിയാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം ഘട്ട നൂറ് ദിന കർമ പരിപാടി പ്രഖ്യാപിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടാംഘട്ട നൂറ് ദിന കർമ്മ പരിപാടി ഒന്നാംഘട്ട നൂറ് ദിന കർമ്മപരിപാടികളുടെ തുടർച്ചയാണ്.

രണ്ടാം ഘട്ടത്തില്‍ 50,000 പേര്‍ക്ക് തൊഴില്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സൗജന്യ പലവ്യഞ്ജന കിറ്റുകള്‍ അടുത്ത നാലു മാസം കൂടി എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും റേഷന്‍ കടകള്‍ വഴി നല്‍കും, 2021 ജനുവരി 1 മുതല്‍ ക്ഷേമ പെന്‍ഷനുകള്‍ 100 രൂപ വര്‍ധിപ്പിച്ച് 1500 രൂപയാക്കി ഉയര്‍ത്തും, 20 മാവേലി സ്റ്റോറുകള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളായും 5 എണ്ണം സൂപ്പര്‍ സ്റ്റോറുകളായും ഉയര്‍ത്തും, 847 കുടുംബ ശ്രീ ഭക്ഷണശാലകള്‍ക്ക് പുറമെ 153 എണ്ണം പുതിയത് ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനം നടപ്പാക്കിയ കാർഷിക പരിപാടികൾ ശ്രദ്ധേയമാണ്, മഹാമാരിയുടെ കാലത്ത് കേരളത്തിൽ ഒരാൾ പോലും പട്ടിണി കിടന്നിരുന്നില്ല, ഒന്നാംഘട്ട കർമ്മ പദ്ധതിയിലെ 122 പദ്ധതികളാണ് പൂർത്തീകരിച്ചത്, കാർഷിക ഉത്പ‌നങ്ങൾക്ക് തറവില പ്രഖ്യാപിക്കാനായത് വലിയ നേട്ടമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൂടാതെ ഭക്ഷ്യക്കിറ്റ് വിതരണത്തിനടക്കം വലിയ പിന്തുണയാണ് ലഭിച്ചതെന്നും അദ്ദേഹം ചൂണ്ടികാട്ടി. ഡിസംബര്‍ ഒന്‍പതിനാണ് ഒന്നാം ഘട്ട 100 ദിന പരിപാടി അവസാനിച്ചത്. രണ്ടാം ഘട്ട 100 ദിന പരിപാടി ഡിസംബര്‍ ഒമ്പതിന് തന്നെ ആരംഭിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലക്ഷ്യം വെച്ചതിന്‍റെ ഇരട്ടിയിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു, കേരളത്തില്‍ നടക്കില്ലെന്ന് കരുതിയ ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തീകരിച്ചു. അഞ്ചാംതിയതി പ്രധാനമന്ത്രി ഇത് ഉദ്ഘാടനം ചെയ്യും. മലബാര്‍ കോഫി പൗഡര്‍ വിപണിയിലിറക്കും.അവയവദാന ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്ക് സ്ഥിരമായി കഴിക്കേണ്ട മരുന്നുകള്‍ അഞ്ചിലൊന്ന് വിലക്ക് ലഭ്യമാക്കുന്നതിന് ഉൽപാദനം ആരംഭിക്കും.

Content Highlights: CM Pinarayi Vijayan announces the second phase of the 100-day program