സിനിമാ തിയറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഫിലിം ചേംബര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. ജിഎസ്ടിക്ക് പുറമെ സംസ്ഥാനം ഏര്‍പ്പെടുത്തിയ വിനോദ നികുതിയും തിയറ്റര്‍ അടഞ്ഞുകിടന്ന കാലത്തെ വൈദ്യുതി ഫിക്സഡ് ചാര്‍ജും ഒഴിവാക്കണമെന്നും കൊവിഡാനന്തരം റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍ക്ക് സബ്സിഡി നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ലോക്ക് ഡൗണിനും മുന്‍പ് മാര്‍ച്ച് 10നാണ് സംസ്ഥാനത്ത് തിയറ്ററുകള്‍ അടച്ചത്. ബാറുകള്‍ ഉള്‍പ്പടെ തുറന്ന സാഹചര്യത്തില്‍ തിയറ്ററുകളും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്നാണ് ഫിലിം ചേംബറിന്റെ ആവശ്യം.
ഒക്ടോബര്‍ 15 മുതല്‍ തിയറ്ററുകള്‍ തുറക്കാന്‍ കേന്ദ്രം അനുമതി നല്‍കിയെങ്കിലും സര്‍ക്കാര്‍ സഹായമില്ലാതെ മുന്നോട്ടുപോകാനാവില്ല എന്നാണ് കേരളത്തിലെ തിയറ്റര്‍ ഉടമകളുടെ നിലപാട്. തിയറ്റര്‍ അടഞ്ഞ് കിടക്കുമ്പോഴും ഉപകരണങ്ങള്‍ പരിപാലിക്കുന്നതിനും തൊഴിലാളികള്‍ക്ക് നല്കുന്നതിനുമായി നല്ല തുക ഉടമകള്‍ക്ക് ചെലവാകുന്നുണ്ട്. ടൂറിസം മേഖലയ്ക്ക് അനുവദിച്ച പോലെ പ്രത്യേക പാക്കേജ് എന്ന ആവശ്യവും ഫിലിം ചേംബര്‍ മുഖ്യമന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെടുന്നു.
content highlights: film chamber request to the chief minister to open the theatre