ജനുവരി ഒന്നു മുതൽ സ്കൂൾ തുറക്കും; പ്രത്യേക മാർഗനിർദേശങ്ങൾ പുറത്തുവിട്ട് പൊതുവിദ്യാഭ്യാസ വകുപ്പ്

Kerala education department has issued guidelines for school opening 

9 മാസത്തെ ഇടവേളയ്ക്ക് ശേഷം ജനുവരി ഒന്നു മുതൽ സ്കൂളുകൾ തുറക്കും. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും സുരക്ഷ പരിഗണിച്ച് നിരവധി നിർദ്ദേശങ്ങളാണ് സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയിരിക്കുന്നത്. സ്കൂൾ തുറക്കുമ്പോൾ ഒരേസമയം 50% കുട്ടികളെ മാത്രമേ അനുവദിക്കാവൂവെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം. സ്കൂൾ തുറക്കുന്നതിൻ്റെ ആദ്യ ഒരു ആഴ്ച ഒരു ബെഞ്ചിൽ ഒരു കുട്ടി എന്ന നിലയിലാവും ക്ലാസുകൾ ക്രമീകരിക്കുക. 10,12 ക്ലാസുകളിൽ 300ൽ കൂടുതൽ കുട്ടികളുള്ള സ്കൂളുകളിൽ ഒരേസമയം 25% കുട്ടികളെ അനുവദിക്കുന്നതാണ് ഉചിതമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ മാർഗനിർദേശത്തിൽ പറയുന്നു.

കുട്ടികളെ സ്കൂളുകളിൽ പ്രവേശിപ്പിക്കാൻ രക്ഷിതാക്കളുടെ സമ്മതപത്രം നിർബന്ധമാണ്. കുട്ടികൾ തമ്മിൽ സാമൂഹിക അകലം പാലിക്കണം. ഒന്നിച്ചിരുന്ന് ആഹാരം കഴിക്കുന്നത് ഒഴിവാക്കണം. ക്ലാസിൽ ഉപയോഗിക്കുന്ന വസ്തുക്കൾ പങ്കുവെക്കരുത്. സ്കൂളുകളിൽ മാസ്ക്, ഡിജിറ്റൽ തെർമോമീറ്റർ, സാനിറ്റൈസർ, സോപ്പ് എന്നിവ ഉണ്ടാവണം. പഠിക്കാൻ സ്കൂളിലേക്ക് എത്താൻ കഴിയാത്ത കുട്ടികൾക്ക് സമൂഹമാധ്യമങ്ങൾ വഴി ക്ലാസുകൾ നൽകാം. 

ക്ലാസ് മുറികളുടെ വാതിലിന്റെ കൈപ്പിടി, ഡെസ്ക്, ഡസ്റ്റർ തുടങ്ങിയവ 2 മണിക്കൂർ കൂടുമ്പോൾ അണുവിമുക്തമാക്കണം. ആദ്യത്തെ ആഴ്ച രാവിലെ 3 മണിക്കൂർ, ഉച്ചയ്ക്കുശേഷം 3 മണിക്കൂർ എന്നിങ്ങനെ 2 ഘട്ടങ്ങളായാണ് ക്ലാസുകൾ നിശ്ചയിക്കേണ്ടത്. ആവശ്യമെങ്കിൽ സ്കൂളുകളിൽ ആരോഗ്യപരിശോധനാ സൗകര്യം ഒരുക്കണം. സ്കൂൾ വാഹനങ്ങളിലും സാമൂഹിക അകലം പാലിക്കണം. മാസ്ക് നിർബന്ധമാണ്. വാഹനങ്ങളിൽ കയറും മുൻപ് തെർമൽ പരിശോധന നടത്തണം. ആവശ്യമെങ്കിൽ വിദ്യാർത്ഥികൾക്ക് കൗൺസലിംഗ് നൽകണം.

എല്ലാ സ്കൂളുകളിലും പ്രധാന അധ്യാപകന്റെ നേതൃത്വത്തിൽ കൊവിഡ് സെൽ രൂപീകരിക്കണം. വാർഡ് അംഗം, ഹെൽത്ത് ഇൻസ്പെക്ടർ. പിടിഎ പ്രസിഡന്റ്, അധ്യാപക, വിദ്യാർഥി പ്രതിനിധികൾ എന്നിവർ സെല്ലിൽ വേണം. ആഴ്ചയിലൊരിക്കൽ യോഗം ചേർന്ന് സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. സ്കൂളിലെ സുരക്ഷാക്രമീകരണങ്ങളെക്കുറിച്ച് സ്റ്റാഫ് കൗൺസിൽ, പിടിഎ എന്നിവയിൽ ചർച്ച ചെയ്ത് ഈ വിവരങ്ങൾ ഓൺലൈനിൽ ക്ലാസ് പിടിഎ യോഗത്തിലൂടെ രക്ഷിതാക്കളെ അറിയിക്കണം.

content highlights: Kerala education department has issued guidelines for school opening