രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി സ്ഥാനമേറ്റ് ആര്യ; അഭിനന്ദനവുമായി കമല്‍ ഹാസനും ഗൗതം അദാനിയും

തിരുവനന്തപുരം: കോര്‍പ്പറേഷന്‍ മേയറായി ആര്യ രാജേന്ദ്രനെ ഇന്ന് ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ തിരഞ്ഞെടുത്തു. 54 വോട്ടുകള്‍ നേടിയാണ് ആര്യ മേയര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ആകെ 99 അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തിയതില്‍ ഒരു വോട്ട് അസാധുവായി. രാജ്യത്തെ ആന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയറായ ആര്യക്ക് അഭിനന്നമറിയിച്ച് മക്കള്‍ നീതി മയ്യം നേതാവ് കമല്‍ ഹാസനും, ഗൗതം അദാനിയും രംഗത്തെത്തി.

രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയറായ ആര്യ രാജേന്ദ്രന് ട്വിറ്ററിലൂടെയാണ് ഗൗതം അദാനി ആശംസകള്‍ അറിയിച്ചത്. ‘തിരുവനന്തപുരത്തിന്റെയും ഇന്ത്യയുടേയും ഏറ്റവും പ്രായം കുറഞ്ഞ മേയറായ ആര്യ രാജേന്ദ്രന് അഭിനന്ദനങ്ങള്‍. തികച്ചും അതിശയകരമാണ്. യുവ രാഷ്ട്രീയ നേതാക്കള്‍ അവരുടെതായ വഴി തുറക്കുന്നതും മറ്റുള്ളവരെ പിന്തുടരാന്‍ പ്രേരിപ്പിക്കുകയും ഇങ്ങനെയാണ്. ഇതാണ് അവിശ്വസനീയമായ ഇന്ത്യ’ വാര്‍ത്ത പങ്കുവച്ച് അദാനി ട്വീറ്റ് ചെയ്തു.

അഭിനന്ദനവുമായി തമിഴ് സൂപ്പര്‍താരം കമല്‍ഹാസനും രംഗത്ത് വന്നു. ട്വിറ്ററിലാണ് കമല്‍ ആര്യയെ അഭിനന്ദിച്ച് പോസ്റ്റിട്ടത്. ഇത്രയും ചെറിയ പ്രായത്തില്‍ തിരുവനന്തപുരം നഗരത്തിന്റെ മേയറായ സഖാവ് ആര്യയ്ക്ക് അഭിനന്ദനങ്ങള്‍. തമിഴ്‌നാടും ഇത്തരത്തില്‍ ഒരു മാറ്റത്തിന് തയ്യാറെടുക്കുന്നു എന്നും കമല്‍ കുറിച്ചു.

തിരുവനന്തപുരം കോര്‍പ്പറേഷനെ നയിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് തിരഞ്ഞെടുത്തത് ആര്യ രാജേന്ദ്രന്‍ എന്ന യുവ വനിതാനേതാവിനെയാണ്. രാഷ്ട്രീയ രംഗത്തെ മുന്‍ പരിചയങ്ങളെല്ലാം മാറ്റിനിര്‍ത്തിയാണ് ജില്ലാ നേതൃത്വത്തിന്റെ പിന്തുണയോടെ ആര്യ മേയര്‍ സ്ഥാനത്തേക്ക് എത്തുന്നത്. പാര്‍ട്ടി ഏല്‍പ്പിച്ച പുതിയ ദൗത്യം സന്തോഷത്തോടെ ഏറ്റെടുക്കുമെന്നായിരുന്നു ആര്യയുടെ പ്രതികരണം.

Content Highlight: Arya Rajendran from Kerala selected as youngest Mayor in India