കുടിയൊഴിപ്പിക്കലിനിടെ മരിച്ച ദമ്പതികളുടെ മക്കള്‍ക്ക് വീടും സ്ഥലവും നല്‍കുമെന്ന് ഷാഫി പറമ്പില്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കലിനിടെ മരിച്ച ദമ്പതികളുടെ മക്കള്‍ക്ക് വീടും സ്ഥലവും നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍. ‘അവരുടെ ഉറ്റവര്‍ ജീവനോടെയിരിക്കുമ്പോള്‍ അവരെ സഹായിക്കാന്‍ നമുക്ക് ആര്‍ക്കും സാധിച്ചില്ല . ആ കുറ്റബോധത്തോടെ തന്നെ ഇവര്‍ക്കൊരു സ്ഥലവും വീടും ഒരു ഉത്തരവാദിത്തം എന്ന നിലക്ക് യൂത്ത് കോണ്‍ഗ്രസ് ഏറ്റെടുക്കുന്നു.’ എന്ന് ഷാഫി പറമ്പില്‍ ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു.

സാമ്പത്തിക സഹായമാണ് അവര്‍ക്ക് വേണ്ടതെങ്കില്‍ അത് നല്‍കുമെന്നും അതല്ലെങ്കില്‍ വീടും സ്ഥലവും നല്‍കുമെന്നും ഷാഫി പറമ്പില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കോടതി ഉത്തരവ് പ്രകാരം കൈയേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്കു മുന്നില്‍ നെയ്യാറ്റിന്‍കര നെല്ലിമൂട് പോങ്ങില്‍ നെട്ടതോട്ടം കോളനിക്കു സമീപം താമസിക്കുന്ന രാജന്‍ കുടിയൊഴിപ്പിക്കല്‍ തടയാനായി ഭാര്യയെ ചേര്‍ത്തുപിടിച്ച് പെട്രോള്‍ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കുന്നതിനിടെയാണ് പൊള്ളലേറ്റ് മരിച്ചത്. ഈ മാസം 22നാണ് സംഭവം നടന്നത്.

ലക്ഷം വീട് കോളനിയിലെ പുറമ്പോക്ക് ഭൂമിയിലാണ് രാജനും കുടുംബവും താമസിക്കുന്നത്. കോടതി ഉത്തരവിനെത്തുടര്‍ന്ന് കുടിയൊഴിപ്പിക്കാനായി പൊലീസ് വീട്ടിലെത്തിയപ്പോഴാണ് രാജന്‍ ഭാര്യയെ ചേര്‍ത്തു പിടിച്ചുകൊണ്ട് ലൈറ്റര്‍ കത്തിച്ചത്. ഇത് പൊലീസ് തട്ടിമാറ്റുന്നതിനിടെ പൊള്ളലേല്‍ക്കുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെയോടെ രാജനും രാത്രിയില്‍ ഭാര്യ അമ്പിളിയും മരിണത്തിന് കീഴടങ്ങുകയായിരുന്നു.

Content Highlight: Shafi Parambil MLA to help the children whos parents died on suicide