നെയ്യാറ്റിൻകരയിൽ മരിച്ച രാജൻ്റെ മക്കൾക്ക് സ്ഥലം വിട്ടുനൽകില്ല; പരാതിക്കാരി

Thiruvananthapuram Rajan's suicide case, neighbor says he will not give the land

നെയ്യാറ്റിന്‍കരയില്‍ പൊള്ളലേറ്റ് മരിച്ച ദമ്പതികളുടെ മക്കള്‍ക്ക് സ്ഥലം വിട്ടുനല്‍കില്ലെന്ന് പരാതിക്കാരിയും അയല്‍വാസിയുമായ വസന്ത. മരിച്ച രാജനും കുടുംബവും ഷെഡ് കെട്ടി താമസിച്ചിരുന്ന ഭൂമി തന്റേതാണെന്നും വിട്ടുനല്‍കില്ലെന്നും അയല്‍വാസിയായ വസന്ത മാധ്യമങ്ങളോട് പറഞ്ഞു. 

ഞാന്‍ ഒരു കുറ്റവും ചെയ്തിട്ടില്ല. ആരേയും ദ്രോഹിച്ചിട്ടില്ല. നിയമത്തിന്റെ വഴിയിലൂടെ തന്നെ പോകും. എന്റെ വസ്തുവല്ലെന്നാണ് ഇപ്പോള്‍ എല്ലാവരും പറയുന്നത്. അത് എന്റേതാണെന്ന് എനിക്ക് തെളിയിക്കണം. വേറെ ഏത് പാവങ്ങള്‍ക്ക് വേണമെങ്കിലും വസ്തു കൊടുക്കാം. ഇവര്‍ക്ക് കൊടുക്കണമെങ്കില്‍ എന്നെ കൊല്ലേണ്ടി വരും. നിയമത്തിന്റെ മുന്നില്‍ തന്നെ മുട്ടുകുത്തിച്ചിട്ട് വേണമെങ്കില്‍ വസ്തു ഏറ്റെടുക്കാം. കോളനിക്കാര്‍ ഒന്നിച്ച് നിന്ന് തന്നെ ഒരുപാട് ദ്രോഹിച്ചു. പാവങ്ങള്‍ക്ക് വേണമെങ്കില്‍ വസ്തു നല്‍കും. പക്ഷെ ഗുണ്ടായിസം കാണിച്ചവര്‍ക്ക് ഒരിക്കലും വസ്തു വിട്ടുനല്‍കില്ല. വേണമെങ്കില്‍ അറസ്റ്റ് വരിക്കാനും ജയിലില്‍ കിടക്കാനും തയ്യാറാണെന്നും വസന്ത പറഞ്ഞു. 

നെയ്യാറ്റിന്‍കര പോങ്ങില്‍ മൂന്ന് സെന്റ് ഭൂമിയില്‍ ഷെഡ് കെട്ടി താമസിക്കുകയായിരുന്നു രാജനും ഭാര്യയും രണ്ട് ആണ്‍മക്കളുമടങ്ങുന്ന കുടുംബം. രാജന്‍ ഭൂമി കയ്യേറിയെന്നാരോപിച്ച് വസന്ത മുന്‍സിഫ് കോടതിയില്‍ കേസ് നല്‍കിയിരുന്നു. ആറ് മാസം മുന്‍പ് രാജനെതിരെ കോടതി വിധി വന്നു. ഉത്തരവ് നടപ്പാക്കാനായി കോടതിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരും പൊലീസും എത്തിയപ്പോഴാണ് ആത്മഹത്യാശ്രമം. ഡിസംബര്‍ 22നാണ് സംഭവം നടന്നത്. സംഭവത്തില്‍ പരാതിക്കാരിയായ വസന്തയ്‌ക്കെതിരേ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. 

അതേസമയം മരിച്ച രാജന്റെയും അമ്പിളിയുടേയും മക്കളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. കുട്ടികള്‍ക്ക് വീട് വെച്ച് നല്‍കാന്‍ അടിയന്തര നടപടിക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. മക്കളുടെ വിദ്യാഭ്യാസ ചിലവും സര്‍ക്കാര്‍ ഏറ്റെടുക്കും.

content highlights: Thiruvananthapuram Rajan’s suicide case, neighbor says he will not give the land