കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷക സംഘടനാ നേതാക്കളും കേന്ദ്രവും തമ്മിലുള്ള ചര്‍ച്ച പരാജയം. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചു. ജനുവരി നാലിന് വീണ്ടും ചര്‍ച്ച നടത്താനാണ് തീരുമാനം. കര്‍ഷകരുടെ ഭാഗത്തു നിന്ന് നാല്‍പതോളം സംഘടനാ നേതാക്കൾ ആറാം വട്ട ചര്‍ച്ചയില്‍ പങ്കെടുത്തു. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍, റെയില്‍ മന്ത്രി പീയുഷ് ഗോയല്‍, സഹമന്ത്രിമാരായ കൈലാഷ് ചൗധരി, സോം പ്രകാശ് എന്നിവരാണ് കേന്ദ്രത്തെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തത്.
കർഷകർ ഉന്നയിച്ച നാല് ആവശ്യങ്ങളിൽ രണ്ടെണ്ണത്തിൽ ധാരണയിലെത്തി. വായു മലിനീകരണവുമായി ബന്ധപ്പെട്ട ശിക്ഷാ നടപടികളിൽ നിന്നു കർഷകരെ ഒഴിവാക്കുക, വൈദ്യുതി സബ്സിഡി തുടരുക എന്നീ ആവശ്യങ്ങളിലാണ് ധാരണയായത്. വിളകൾക്കു താങ്ങുവില ഉറപ്പാക്കുമെന്ന് രേഖാമൂലം എഴുതി നൽകാൻ കേന്ദ്ര സർക്കാർ തയാറാണ്. എന്നാൽ ഇതു സംബന്ധിച്ച് നിയമം പാസാക്കണമെന്നാണ് കർഷകരുടെ ആവശ്യം. അതിനാൽ വിളകൾക്കു താങ്ങുവില ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട നിയമവശങ്ങൾ സംബന്ധിച്ച് ജനുവരി നാലിന് ചർച്ച നടത്തുമെന്ന് നരേന്ദ്ര സിങ് തോമര്‍ വ്യക്തമാക്കി.
ഡല്‍ഹിയിലെ കടുത്ത ശൈത്യം കണക്കിലെടുത്ത് സ്ത്രീകളേയും കുട്ടികളേയും പ്രായമായവരേയും സമരവേദികളില്‍ നിന്ന് വീടുകളിലേക്ക് തിരികെ അയക്കണമെന്ന് ആവശ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം നിയമങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കണമെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍.
content highlights: Can’t Repeal Farm Laws, Says Centre, Suggests Special Panel