കൊവിഡ് സാഹചര്യത്തിൽ ഐഎഫ്എഫ്കെ പതിവ് രീതിയനുസരിച്ച് സംഘടിപ്പിക്കാൻ സാധിക്കില്ലെന്ന് മന്ത്രി എ കെ ബാലൻ. തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം ഉണ്ടാക്കാനാകില്ലെന്നും അതു കൊണ്ടാണ് വേദികൾ വികേന്ദ്രീകരിച്ച് മേള നടത്താൻ തീരുമാനിച്ചതെന്നും എ കെ ബാലൻ പറഞ്ഞു. 5000 പേരുടെ രജിസ്ട്രേഷൻ ആണ് ഇത്തവണ നടത്തുന്നത്.
വലിയ മേള നടക്കുമ്പോൾ അതിനനുസരിച്ചുള്ള ആശങ്കയും സർക്കാരിനുണ്ട്. ഐഎഫഎഫ്കെ പ്രാദേശിക പ്രദർശനം നടത്താറുണ്ട്, ഇത് പുതിയ സംഭവമല്ല. ഐഎഫ്എഫ് കെ കേന്ദ്രീകരിക്കുന്നത് തിരുവനന്തപുരത്ത് മാത്രമെന്നത് തെറ്റായ ധാരണയാണെന്നും എകെ ബാലൻ വ്യക്തമാക്കി. തിരുവനന്തപുരം ജില്ലയെ സ്നേഹിക്കുന്നവർ ഇത്തരം അനാവശ്യ വിവാദം ഉയർത്തില്ല. തിരുവനന്തപുരത്ത് കൊവിഡ് വ്യാപനമുണ്ടാക്കാനാണ് ശ്രമമെന്നും ഇത് അനുവദിക്കാനികില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
25-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള തിരുവനന്തപുരത്തിന് പുറമേ എറണാകുളത്തും പാലക്കാട്ടും തലശ്ശേരിയിലും വെച്ച് നടത്താനുള്ള തീരുമാനമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. തിരുവനന്തപുരത്തിന്റെ മേളയാണിതെന്നും വേദികളുടെ വികേന്ദ്രീകരണം അംഗീകരിക്കാനാകില്ലെന്നുമാണ് വിമർശനം ഉന്നയിക്കുന്നവരുടെ വാദം.
Content Highlights; iffk Trivandrum controversy