അനില്‍ പനച്ചൂരാൻ്റേത് അസ്വാഭാവിക മരണം; പൊലീസ് കേസെടുത്തു

Police case for unnatural death of Anil panachooran

കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്റെ മരണത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഭാര്യ മായയുടേയും ബന്ധുക്കളുടേയും മൊഴികളുടെ അടിസ്ഥാനത്തില്‍ അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിട്ടുള്ളത്. അനിൽ പനച്ചൂരാന്റെ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്യും. പോസ്റ്റ് മോർട്ടത്തിന് ശേഷം കൊവിഡ് മാനദണ്ഡങ്ങളനുസരിച്ച് മൃതദേഹം സംസ്‌കരിക്കും. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച രാത്രി എട്ടു മണിയോടെയാണ് അനില്‍ പനച്ചൂരാന്‍ മരിച്ചത്.

രാവിലെ വീട്ടില്‍ നിന്നു ചെട്ടികുളങ്ങര ക്ഷേത്രത്തിലേക്കു കാറില്‍ പോകുമ്പോള്‍ ബോധരഹിതനായി. തുടര്‍ന്നു മാവേലിക്കരയിലെയും കരുനാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രികളിലെത്തിച്ചു. സ്ഥിതി അതീവ ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് രാത്രി 7.20 ന് കിംസ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കൊവിഡ് ബാധിച്ചതായി കഴിഞ്ഞ ദിവസം രാവിലെ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ മറ്റു കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. പെട്ടെന്നുള്ള മരണത്തില്‍ ബന്ധുക്കള്‍ അസ്വാഭാവികത ചൂണ്ടിക്കാട്ടിയപ്പോള്‍ കിംസ് ആശുപത്രി അധികൃതരാണ് പോസ്റ്റുമോര്‍ട്ടത്തിന് നിര്‍ദേശിച്ചത്.

content highlights: Police case for unnatural death of Anil panachooran