കോർപറേറ്റ് ഫാമിങ്ങിനായി രാജ്യത്തൊരിടത്തും കൃഷി ഭൂമി വാങ്ങിയിട്ടില്ല; റിലയന്‍സ് ഇന്‍ഡസ്ട്രീസ്

No Plans to Enter Contract Farming, Won't Purchase Any Agricultural Land, Says Reliance Industries

കോര്‍പ്പറേറ്റ് ഫാമിങ് തുടങ്ങാന്‍ രാജ്യത്തൊരിടത്തും കൃഷി ഭൂമി വാങ്ങിയിട്ടില്ലെന്നും ഭാവിയില്‍ അത്തരം പദ്ധതികളൊന്നും ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ്. കേന്ദ്രസർക്കാർ നടപ്പാക്കിയ കാർഷിക നിയമങ്ങൾ റിലയൻസ് അടക്കമുള്ള കമ്പനികളെ സഹായിക്കാനാണെന്ന ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് ഇക്കാര്യം വ്യക്തമാക്കി റിലയൻസ് രംഗത്തുവന്നത്. കര്‍ഷകരില്‍നിന്നു നേരിട്ട് ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാറില്ലെന്നും വിതരണക്കാര്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന മിനിമം താങ്ങുവില ഉറപ്പാക്കിയാണ് സാധനങ്ങള്‍ വാങ്ങുന്നതെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇന്ത്യന്‍ കര്‍ഷകര്‍ കഠിനാധ്വാനത്തിലൂടെ ഉത്പാദിപ്പിക്കുന്ന വിളകള്‍ക്ക് മാന്യമായ വില ലഭിക്കണമെന്ന നിലപാട് തന്നെയാണ് കമ്പനിക്കുള്ളതെന്നും റിലയന്‍സ് അറിയിച്ചു.

കർഷകരിൽ നിന്ന് ഉൽപന്നങ്ങൾ വാങ്ങുന്നതിനുള്ള ഏതെങ്കിലും തരത്തിലുള്ള ദീർഘകാല കരാർ ഉണ്ടാക്കില്ലെന്നും റിലയൻസ് പറയുന്നു. സര്‍ക്കാര്‍ നിശ്ചയിക്കുന്ന മിനിമം താങ്ങുവില കൃത്യമായി പാലിക്കണമെന്ന വിതരണക്കാര്‍ക്കു കര്‍ശന നിര്‍ദേശം നൽകിയിട്ടുണ്ട്. ‘കോർപ്പറേറ്റ്’ അഥവാ ‘കരാർ’ കൃഷിക്കായി റിലയൻസോ അതിന്റെ അനുബന്ധ സ്ഥാപനങ്ങളോ കാർഷിക ഭൂമി നേരിട്ടോ അല്ലാതെയോ ഇന്ത്യയിൽ എവിടെയും വാങ്ങിയിട്ടില്ലെന്നും റിലയൻസ് വ്യക്തമാക്കി. തങ്ങളുടെ ടവറുകള്‍ക്കു നേരെ നടക്കുന്ന അതിക്രമത്തിനെതിരെ പഞ്ചാബ്, ഹരിയാന ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ബിസിനസ് എതിരാളികളാണ് അതിക്രമത്തിനു പിന്നിലെന്നും കമ്പനി ആരോപിക്കുന്നു.

content highlights: No Plans to Enter Contract Farming, Won’t Purchase Any Agricultural Land, Says Reliance Industries