പശുക്കളുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കാൻ ഗോ വിജ്ഞാൻ പരീക്ഷ നടത്താൻ ഒരുങ്ങി കേന്ദ്ര സർക്കാർ 

Govt. to hold national voluntary online exam on cow science on Feb. 25

പശുക്കളുടെ പ്രധാന്യത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ ബോധവത്കരണം നടത്താൻ പരീക്ഷ നടത്താൻ കേന്ദ്ര സർക്കാർ നീക്കം. ദേശീയ തലത്തിൽ ‘ഗോ വിജ്ഞാൻ’ പരീക്ഷ നടത്താനാണ് തീരുമാനം. ഫെബ്രുവരി 25ന് കാമധേനു ഗോ വിജ്ഞാൻ പ്രചാർപ്രസാദ് എന്ന പേരിൽ പരീക്ഷ നടത്തുമെന്നാണ് റിപ്പോർട്ടുകൾ. വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും പരീക്ഷയിൽ പങ്കെടുക്കാം, മൃഗസംരക്ഷണ, ക്ഷീരകർഷക വകുപ്പിന് കീഴിൽ പശുക്കളുടെ സംരക്ഷണത്തിനായി സ്ഥാപിച്ച ഏജൻസിയായ രാഷ്ട്രീയ കാമധേനു ആയോഗ് ആണ് പരീക്ഷ നടത്തുക.

പരീക്ഷയിൽ പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കേറ്റ് നൽകും. മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും പരീക്ഷ. ജനുവരി 14 മുതൽ ഫെബ്രുവരി 20 വരെ ഓൺലെെൻ രജിസ്ട്രേഷന് തുറന്നിട്ടുണ്ടെന്നും ഫെബ്രുവരി 25ന് ഫലങ്ങൾ പ്രഖ്യാപിക്കുമെന്നും രാഷ്ട്രീയ കാമധേനു ആയോഗ് ചെയർമാൻ കതിരിയ അറിയിച്ചു. ഉയർന്ന മാർക്ക് വാങ്ങുന്നവർക്ക് പ്രത്യേക സമ്മാനങ്ങളും ലഭിക്കും. പശുക്കളെ എങ്ങനെ ഫലവത്തായി ഉപയോഗിക്കാമെന്ന അവബോധം പരീക്ഷയിലൂടെ സൃഷ്ടിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് കാമധേനു ആയോഗ് ചെയർമാൻ പറഞ്ഞു. എല്ലാ വർഷവും പരീക്ഷ നടത്താൻ ഉദ്ദേശിക്കുന്നതായും അദ്ദേഹം പറഞ്ഞു. 

content highlights: Govt. to hold national voluntary online exam on cow science on Feb. 25