സംസ്ഥാനത്ത് ചില ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ നിർദേശങ്ങളുമായി മൃഗ സംരക്ഷണ വകുപ്പ്. നിലവിലെ സാഹചര്യത്തിൽ ആശങ്കപെടേണ്ടതില്ലെന്നും നന്നായി പാകം ചെയ്ത മുട്ട, കോഴിയിറച്ചി എന്നിവ ഭക്ഷ്യ യോഗ്യമാണെന്നും അറിയിച്ചു. ബുൾസ് ഐ പോലുള്ള പകുതി വേവിച്ച മുട്ടയും പകുതി വേവിച്ച മാംസവും ഒഴിവാക്കണമെന്നും നിർദേശിച്ചു. പാകം ചെയ്യുന്നതിനായി പച്ച മാംസം കൈകാര്യം ചെയ്ത ശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകണം.
പക്ഷിപ്പനി നിയന്ത്രണ വിധേയമാണെന്നും ആശങ്കപെടാനില്ലെന്നുമാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്. പക്ഷികളെ ബാധിക്കുന്ന വൈറൽ രോഗമായ പക്ഷിപ്പനി ചില പ്രത്യേക സാഹചര്യങ്ങളിൽ മനുഷ്യരിലേക്ക് പകരാം. തണുത്ത കാലാവസ്ഥയിൽ മാസങ്ങളോളം ജീവിക്കാൻ കഴിവുള്ള വൈറസ് 60 ഡിഗ്രി ചൂടിൽ അര മണിക്കൂറിൽ നശിച്ചു പോകും.
ചത്തതോ രോഗം ബാധിച്ചതോ ആയ പക്ഷികളെയോ ദേശാടന കിളികളെയോ പക്ഷി കാഷ്ഠമോ നേരിട്ട് കൈകാര്യം ചെയ്യാതെ കൈയുറയും മാസ്കും ഉപയോഗിക്കുകയും ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുകയും ചെയ്യണം. രോഗം സ്ഥിരീകരിച്ച പ്രദേശത്തിന്റെ ഒരു കിലോ മീറ്റർ ചുറ്റളവിലുള്ള മുഴുവൻ പക്ഷികളെയും കൊന്ന് മറവ് ചെയ്യുന്നതടക്കമുള്ള എല്ലാ മുൻ കരുതൽ നടപടികളും ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്.
Content Highlights; well-cooked eggs and chicken should be eaten; instructions to prevent birds flu