നയപ്രഖ്യാപന പ്രസംഗത്തിൽ സർക്കാരിന്റെ നേട്ടങ്ങൾ എണ്ണി പറഞ്ഞ് ഗവർണർ; കേന്ദ്ര ഏജൻസികൾക്ക് വിമർശനം

Kerala legislative assembly session

പതിനാലാം കേരള നിയമസഭയുടെ ഇരുപത്തി രണ്ടാമത്തെ സമ്മേളനം ഗവർണറുടെ നയ പ്രഖ്യാപന പ്രസംഗത്തോടെ തുടക്കം കുറിച്ചു. ബജറ്റ് അവതരിപ്പിക്കാൻ ചേരുന്ന സമ്മേളനം ഈ സർക്കാരിന്റെ കാലത്തെ അവസാനത്തേതാണ്. സംസ്ഥാനം ഇതുവരെ നേരിടാത്ത വെല്ലുവിളികളെ നേരിട്ടതായി നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ വ്യക്തമാക്കി.

പ്രകൃതി ദുരന്തങ്ങളേയും സർക്കാർ നേരിട്ടു. കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചിൽ താഴെയാക്കുകയാണ് ലക്ഷ്യം. ലോക്ഡൗൺ കാലത്ത് ആരെയും സര്‍ക്കാര്‍ പട്ടിണിക്കിട്ടില്ലെന്നും ഗവർണർ വ്യക്തമാക്കി. എന്നാൽ കേന്ദ്ര ഏജൻസികൾ സംസ്ഥാനത്തിന്‍റെ വികസന പദ്ധതികളെ തടസ്സപ്പെടുത്തിയതായും ഇത് ഉദ്യോഗസ്ഥരുടെ ആത്മ വിശ്വാസത്തെ ബാധിച്ചുവെന്നും ഗവർണർ പ്രസംഗത്തിൽ പറഞ്ഞു. ഫെഡറിലസത്തിന് എതിരായ നീക്കങ്ങളെ കേരളം നേരിടുകയും വികസന പദ്ധതികള്‍ മുന്നോട്ട് കൊണ്ടു പോകുമെന്നും, മതേതര മൂല്യങ്ങളെ ഉയർത്തിപ്പിടിച്ച സർക്കാരാണിതെന്നും അദ്ധേഹം വ്യക്തമാക്കി.

കൊവിഡിനെ പ്രതിരോധിക്കുന്നതിനായി സർക്കാർ തലത്തിൽ എല്ലാ തരത്തിലുള്ള സജ്ജീകരണവും ഒരുക്കി. കൊവിഡ് ഭേദമായവർക്ക് പോസ്റ്റ് കൊവിഡ് ക്ലിനിക്കുകൾ ആരംഭിച്ചു. കൊവിഡ് പ്രതിരോധത്തിനായി സന്നദ്ധ പ്രവർത്തകരെ ഉൾപെടുത്തി കൊവിഡ് ബ്രിഗേഡ് രൂപീകരിച്ചു. സാമൂഹിക സുരക്ഷ പദ്ധതികൾ നടപ്പാക്കുകയും, 56,000 കോടിയുടെ അടിസ്ഥാന വികസനത്തിന് മുൻഗണ നല്‍കുമെന്നും ഗവർണർ വ്യക്തമാക്കി. കൂടാതെ പ്രവാസി പുനരധിവാസത്തിന് പ്രത്യേക പരിഗണന നല്‍കുമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.

അതേസമയം സഭ ആരംഭിച്ചതു മുതൽ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായാണ് രംഗത്തെത്തിയത്. സർക്കാരിന്റെ രാജി ആവശ്യപെട്ട് ബാനറുകളും പ്ലക്കാർഡുകളും ഉയർത്തിയാണ് പ്രതിഷേധം. ഗവർണർ പ്രസംഗിക്കുമ്പോൾ മുദ്രവാക്യം വിളിക്കുകയും ചെയ്തു. ഒടുവിൽ പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങി പോകുകയും സഭാകവാടത്തിൽ കുത്തിയിരുന്ന് പ്രതിഷേധം തുടരുകയാണ്. നയ പ്രഖ്യാപന പ്രസംഗം തടസ്സപെടുത്തരുതെന്ന് പ്രതിപക്ഷത്തോട് ഗവർണർ ആവശ്യപെട്ടു. ഭരണഘടനാപരമായ ചുമതല നിറവേറ്റാൻ അനുവദിക്കണമെന്നും ഗവർണർ ആവശ്യപെട്ടു.

സ്വര്‍ണ്ണക്കടത്ത് അടക്കമുള്ള വിഷയങ്ങൾ ഉയര്‍ത്തി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം. എന്നാൽ തദ്ധേശ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയം ചൂണ്ടിക്കാണിച്ചു കൊണ്ട് പ്രതിപക്ഷത്തെ നേരിടാനൊരുങ്ങുകയാണ് സർക്കാർ. ഈ മാസം 28 വരെയാണ് സഭ സമ്മേളനം.15 നാണ് പിണറായി സർക്കാരിന്റെ അവസാന ബജറ്റ് അവതരണം.

Content Highlights; Kerala legislative assembly session