ഉപയോക്താക്കളുടെ സ്വകാര്യത സംബന്ധിച്ച് വാട്സ്ആപ്പിൻ്റെ പുതിയ നയം ഫെബ്രുവരി 8ന് നിലവിൽ വരും. വാട്സ്ആപ്പ് വരിക്കാരുടെ ഫോൺ നമ്പർ, സ്ഥലം, മൊബെെൽ നെറ്റുവർക്ക്, വാട്സ്ആപ്പ് ഗ്രൂപ്പുകൾ, ബിസിനസ് അക്കൗണ്ടുകളുമായുള്ള ആശയവിനിമയം, ഏതൊക്കെ വെബ്സെെറ്റുകളിൽ വാട്സ്ആപ്പ് ഉപയോഗിക്കുന്നു എന്നിങ്ങനെയുള്ള വിവരങ്ങൾ വാട്സ്ആപ്പിൻ്റെ ഉടമകളായ ഫെയ്സ്ബുക്കുമായും ഇൻസ്റ്റഗ്രാം പോലെയുള്ള ഗ്രൂപ്പ് കമ്പനികളുമായും മറ്റ് ഇൻ്റർനെറ്റ് കമ്പനികളുമായും പങ്കുവെയ്ക്കുമെന്നാണ് പുതിയ നയത്തിൽ പറയുന്നത്. വാട്സ്ആപ്പ് ഉപയോഗിച്ച് പണമിടപാട് നടത്തുന്നതിൻ്റെ അനുബന്ധ വിവരങ്ങളും കെെമാറ്റം ചെയ്യപ്പെടും.
പുതിയ നയം അംഗീകരിച്ചാൽ മാത്രമെ ഇനി വാട്സ്ആപ്പ് ഉപയോഗിക്കാൻ കഴിയു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. വാട്സ്ആപ്പ് ഉപയോഗിക്കുന്നവരിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ പരിശോധിച്ച് അവർ കൂടുതലായി തെരയുന്ന ഉത്പന്നങ്ങളുടേയും സേവനങ്ങളുടേയും പരസ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ എത്തിക്കുകയെന്നാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വാട്സ്ആപ്പ് ചാറ്റ്, കോൾ എന്നിവ അത് നടത്തുന്നവർക്ക് മാത്രമെ ലഭ്യമാകു എന്ന ഉറപ്പു തരുന്നുണ്ടെങ്കിലും വാണിജ്യ സാധ്യതയുള്ള വിവരശേഖരം മുഴുവൻ സാമൂഹ്യ മാധ്യമങ്ങൾക്കും മറ്റ് കമ്പനികൾക്കും നൽകുമെന്ന രീതിയാണ് വരാൻ പോകുന്നത്.
content highlights: Whatsapp latest policy