പതിമൂന്ന്കാരനെ അമ്മ പീഡിപ്പിച്ചുവെന്ന പരാതി വ്യാജമെന്ന ആരോപണവുമായി യുവതിയുടെ കുടുംബം. യുവതിയുടെ ഭർത്താവ് നൽകിയ വ്യാജ പരാതിയാണ് ഇതെന്നും കുട്ടിയെ പിതാവ് ഭീഷണിപെടുത്തി തെറ്റായ മൊഴി നൽകിപ്പിച്ചതാണെന്നും ബന്ധുക്കൾ വ്യക്തമാക്കി. വിവാഹ മോചനം നേടാതെയുള്ള രണ്ടാം വിവാഹം എതിർത്തതിന്റെ വൈരാഗ്യം തീർക്കാനാണ് യുവതിയെ കേസിൽ കുടുക്കിയതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്,
യുവതിയെ ഇയാൾ നിരന്തരം മർദിക്കുമായിരുന്നുവെന്നും സ്ത്രീധനത്തിന്രെ പേരിൽ ശാരീരികവും മാനസികവുമായി പീഢിപ്പിച്ചിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. യുവതിയും ഭർത്താവുമായുള്ള കേസ് കുടുംബ കോടതിയിൽ നിലനിൽക്കെയാണ് വ്യാജ പരാതിയുമായി ഇയാൾ ചൈൽഡ് ലൈനെ സമീപിക്കുന്നത്. കേസിൽ അറസ്റ്റിലായ യുവതിക്ക് നിയമ സഹായവും സംരക്ഷണവും നൽകുന്നതിന് നാട്ടുകാർ ആക്ഷൻ കൌൺസിലിന് രൂപം നൽകിയിട്ടുണ്ട്. യുവതിയെ കുടുക്കാൻ കുട്ടിയെ കൊണ്ട് നിർബന്ധിച്ച് മൊഴി നൽകിയതാണെന്നു കുടുംബം ആരോപിക്കുന്നു.
ഗർഭിണി ആയിരിക്കുമ്പോഴും പ്രസവത്തിന് ശേഷവും മർദനം പതിവായിരുന്നുവെന്നും യുവതിയുടെ മാതാവ് പറഞ്ഞു. പിതാവ് തന്നെ ഉപദ്രവിച്ചിരുന്നുവെന്നും കൂടെ താമസിച്ചിരുന്ന ദിവസങ്ങളിൽ അടിക്കുകയും ഭക്ഷണം നൽകാതെ ഉപദ്രവിച്ചിരുന്നുവെന്നും ഇളയ കുട്ടിയും വെളിപെടുത്തുന്നു. ചൈൽഡ് ലൈനിൽ നൽകിയ പരാതിയെ തുടർന്ന് മകന്റെ മൊഴിയിൽ പോലീസ് അറസ്റ്റ് ചെയ്ത യുവതി ഇപ്പോൾ റിമാൻഡിലാണ്. ഇവരുടേത് പ്രണയ വിവാഹമായിരുന്നു എങ്കിലും നിരന്തരം മർദനം ഏൽക്കേണ്ടി വന്നതോടെ മൂന്ന് വർഷമായി ഭർത്താവിൽ നിന്നും അകന്ന് കഴിയുകയാണ് യുവതി.
37 കാരിയായ അവർക്ക് 17, 13, 11 എന്നീ പ്രായമുള്ള മൂന്ന് ആൺകുട്ടികളും ആറ് വയസ്സുള്ള പെൺകുട്ടിയുമാണ് ഉള്ളത്. വേർപെട്ട് താമസിക്കാൻ തുടങ്ങിയതിന് പിന്നാലെ ഇയാൾ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും മൂന്ന് കുട്ടികളെ വിദേശത്ത് കൊണ്ട് പോകുകയും ചെയ്തു. ഇതിലൊരു കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് യുവതിക്കെതിരെ അറസ്റ്റുൾപെടെയുള്ള നടപടിയുണ്ടായത്.
Content Highlights; Kadakkavooor Pocso case, woman family alleges fake complaint by husband