കടയ്ക്കാവൂർ പോക്‌സോ കേസ്; അന്വേഷിക്കാൻ ഐജി,  ഉന്നതതല അന്വേഷണത്തിന് ഉത്തരവ്

Kadakkavoor POCSO Case, Government opposes mother's bail application

കടയ്ക്കാവൂരില്‍ അമ്മയെ കള്ളക്കേസില്‍ കുടുക്കിയെന്ന പരാതി ഐജി അന്വേഷിക്കും. ഐജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. പൊലീസിന് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കാൻ നിർദേശം നൽകി. മകനെ ലൈംഗികമായി ചൂഷണം ചെയ്തെന്ന പരാതിയില്‍ തിരുവനന്തപുരം കടയ്ക്കാവൂരില്‍ സ്ത്രീ അറസ്റ്റിലായിരുന്നു. ഇവര്‍ നിലവില്‍ റിമാന്‍ഡിലാണ്. എന്നാൽ കുടുബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് കെട്ടിച്ചമച്ച കേസാണ് ഇതെന്നാണ് കുട്ടിയുടെ അമ്മയുടെ വീട്ടുകാര്‍ പറയുന്നത്. കടയ്ക്കാവൂരില്‍ മകനെ പീഡിപ്പിച്ചെന്ന പരാതിയില്‍ അമ്മയെ ഉടനടി അറസ്റ്റ് ചെയ്ത പൊലീസ് നടപടിയെ വിമര്‍ശിച്ച് വനിത കമ്മിഷനും രംഗത്തെത്തി. കേസ് കടയ്ക്കാവൂര്‍ പൊലീസില്‍നിന്ന് മാറ്റി വനിത ഐപിഎസ് ഉദ്യോഗസ്ഥ അന്വേഷിക്കണമെന്ന് ആക്‌ഷന്‍ കൗണ്‍സിലും ആവശ്യപ്പെട്ടു.

കേസില്‍ പോലീസ് എഫ്.ഐ.ആര്‍. തയ്യാറാക്കിയതില്‍ വീഴ്ചയുണ്ടായതായി ആരോപിച്ച് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വക്കേറ്റ് എന്‍. സുനന്ദയും രംഗത്തുവന്നിരുന്നു. കേസെടുക്കാൻ സിഡബ്ല്യുസി ആവശ്യപ്പെട്ടിട്ടില്ലെന്നും ചെയർപേഴ്‌സൺ പറഞ്ഞിരുന്നു. കേസുമായി ബന്ധപ്പെട്ട് കടയ്ക്കാവൂർ പൊലീസ് തയാറാക്കിയ എഫ്‌ഐആറിൽ വിവരം തന്നയാൾ ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്സൺ എൻ.സുനന്ദയാണ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേസെടുക്കാൻ ചൈൽഡ് വെൽഫയർ കമ്മിറ്റി ആവശ്യപ്പെട്ടിട്ടില്ലെന്നും പൊലീസ് ആവശ്യപ്പെട്ടത് പ്രകാരം കുട്ടിക്ക് കൗൺസിലിംഗ് മാത്രമാണ് നൽകിയതെന്നും ചെയർപേഴ്സൺ പറഞ്ഞിരുന്നു. പൊലീസിനെതിരെ പരാതി നല്‍കാനാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ തീരുമാനം. സിഡബ്ല്യുസി നല്‍കാത്ത വിവരങ്ങള്‍ കേസില്‍ ചേര്‍ത്തതിന് ഡിജിപിക്ക് പരാതി നല്‍കും. 

content highlights: Kadakkavoor pocso case; IG to probe the case