കടയ്ക്കാവൂര്‍ പോക്‌സോ കേസ്: സംശയത്തിന്റെ നിഴലിലായി ബാലക്ഷേമ സമിതിയും

തിരുവനന്തപുരം: കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ സംശയത്തിന്റെ നിഴലിലായി ബാലക്ഷേമ സമിതിയും. അമ്മ പ്രതിയായ പോക്‌സോ കേസ് വിവാദമായതോടെ പൊലീസിനെതിരെ തിരിഞ്ഞ ബാലക്ഷേമ സമിതിയുടെ വാദങ്ങളെ തള്ളുന്നതാണ് കേസിലെ നടപടി ക്രമങ്ങളുടെ നാള്‍വഴികളും രേഖകളും. എന്നാല്‍ അമ്മയില്‍ നിന്ന് ലൈംഗിക പീഡനമുണ്ടായെന്ന പരാതിയില്‍ കുട്ടി ഉറച്ചു നില്‍ക്കുന്നതായാണ് ബാലക്ഷേമ സമിതി പൊലീസിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

പരാതി കിട്ടിയതിനെത്തുടര്‍ന്ന് പൊലീസ് ബാലക്ഷേമ സമിതിയോട് കുട്ടിയെ കൗണ്‍സിലിങ് നടത്തി റിപ്പോര്‍ട്ട് നല്‍കാനാവശ്യപ്പെട്ടത് നവംബര്‍ 10ന് ആണ്. നവംബര്‍ 13ന് റിപ്പോര്‍ട്ട് തയാറാക്കിയതായാണ് ബാലക്ഷേമ സമിതി തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. നവംബര്‍ 30ന് ഈ റിപ്പോര്‍ട്ട് കിട്ടിയെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. 16ന് ഇ മെയില്‍ വഴി റിപ്പോര്‍ട്ട് ലഭിച്ചു. റിപ്പോര്‍ട്ട് കിട്ടിയതിന് പിന്നാലെ ഡിസംബര്‍ 18ന് കേസെടുത്തുവെന്നാണ് പൊലീസ് പറയുന്നത്.

പോക്‌സോ നിയമ പ്രകാരം കേസെടുക്കാന്‍, ഉത്തരവാദപ്പെട്ട ഏജന്‍സിയില്‍ നിന്നുള്ള ഈ റിപ്പോര്‍ട്ട് മതിയെന്നാണ് പൊലീസ് പറയുന്നത്. വിവരം നല്‍കിയാളുടെ സ്ഥാനത്ത് ബാലക്ഷേമ സമിതി അധ്യക്ഷയുടെ പേര് ചേര്‍ത്തില്‍ തെറ്റില്ലെന്നുമാണ് പൊലീസ് വിശദീകരണം. കൗണ്‍സലിങ് നടത്തിയ രേഖകള്‍ തെളിവായി കണക്കാക്കാന്‍ കഴിയില്ലെന്നാണ് ബാലക്ഷേമ സമിതി അംഗങ്ങളുടെ പ്രതികരണം. കേസെടുക്കുന്നതിന് മുമ്പ് വിദഗ്ധ സമിതിയെ വെച്ച് അന്വേഷിക്കണമെന്നും സമിതി ചൂണ്ടി കാണിച്ചു.

അതേസമയം, പൊലീസിനെതിരായ ആക്ഷേപങ്ങള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായി കടയ്ക്കാവൂര്‍ എസ്.ഐയെ ഐ.ജി. വിളിച്ചു വരുത്തി. രേഖകള്‍ പരിശോധിച്ച ശേഷം നടപടി ക്രമങ്ങളില്‍ പിഴവില്ലെന്ന പ്രാഥമിക നിഗമനത്തിലാണ് ഐ.ജി. എത്തിച്ചേര്‍ന്നത്.

Content Highlight: Crisis increased in Kadakkavoor POCSO case