നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ ഏറ്റുമുട്ടൽ. ചോദ്യത്തരവേളയിലാണ് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തമ്മിൽ പരസ്പരം ഏറ്റുമുട്ടിയത്. എംഎൽഎമാരുടെ കേസുകളെ സംബന്ധിച്ചായിരുന്നു ചോദ്യത്തരവേള. ബാർ കോഴ കേസ് ആരോപണത്തിൽ പ്രതിപക്ഷ നേതാവ് അദ്ദേഹത്തിനെതിരെ അന്വേഷണം പാടില്ലെന്ന് ആവശ്യപ്പെട്ട് ഗവർണറെ സമീപിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ബാർ കോഴയുമായി ബന്ധപ്പെട്ട കേസിനെ സംബന്ധിച്ച ചോദ്യത്തിനിടെയാണ് പ്രതിപക്ഷ നേതാവിനെതിരെയുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന.
ബാർ ലെെസൻസ് ഫീസ് കൂട്ടാതിരിക്കാൻ കെെക്കൂലി കൊടുത്തെന്നാണ് ബാറുടമ ബിജു രമേശ് വെളിപ്പെടുത്തിയത്. ആ സംഭവത്തിൽ ഒരു രഹസ്യാന്വേഷണം നടത്തി. പ്രാഥമിക അന്വേഷണം നടത്തുന്ന കാര്യം സർക്കാർ പരിഗണിച്ചുവരികയാണ്. അതിനിടെയാണ് പ്രതിപക്ഷ നേതാവ് അത്തരമൊരു അന്വേഷണം പാടില്ലെന്ന ആവശ്യവുമായി ഗവർണറെ സമീപിച്ചതെന്ന് പിണറായി പറഞ്ഞു. എന്നാൽ ഭരണപക്ഷം പോലെയാണ് പ്രതിപക്ഷമെന്ന് വരുത്താനാണ് ശ്രമമെന്ന് രമേശ് ചെന്നിത്തല തിരിച്ചടിച്ചു. ഒരു അന്വേഷണത്തേയും ഭയക്കുന്നില്ല. ആരുടെ കെെയിൽ നിന്നും കോഴ വാങ്ങിയിട്ടില്ല. അഴിമതിയിൽ മുങ്ങിത്താണ സർക്കാർ പ്രതിപക്ഷവും അങ്ങനെയാണെന്ന് വരുത്തി തീർക്കാനുള്ള പാഴ് വേലയാണ് നടത്തുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
ബാർ കോഴ കേസ് രണ്ടു തവണ അന്വേഷിച്ചതാണെന്നും ഇതുമായി ബന്ധപ്പെട്ട ഒരു സിഡിയിലാണ് തൻ്റെ പേരുള്ളതെന്നും ആ സിഡി പിന്നീട് വ്യാജമാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. എന്നാൽ ജനങ്ങളുടെ ഓർമശക്തിയെ ചോദ്യം ചെയ്യരുതെന്ന് മുഖ്യമന്ത്രി മറുപടിയിൽ പറഞ്ഞു. ഏതെല്ലാം നിലയിലാണ് അഴിമതി നടത്തിയതെന്ന് എല്ലാവർക്കുമറിയാമെന്നും പിണറായി പറഞ്ഞു. അതേസമയം പ്രതിപക്ഷ നേതാവിനെക്കുറിച്ചുള്ള ചോദ്യത്തിന് അനുമതി നല്‍കിയത് തെറ്റായ കീഴ്വഴക്കമെന്ന് കെ.സി ജോസഫ് പ്രതികരിച്ചു. ചോദ്യം പരിശോധിക്കാന്‍ സംവിധാനങ്ങളുണ്ട്. പിഴവുണ്ടെങ്കില്‍ നോക്കാമെന്ന് സ്പീക്കര്‍ മറുപടി നല്കി. വി.ടി. സതീശനും പി.ടി. തോമസും കെ.എം. ഷാജിക്കും എതിരായ അഴിമതി ആരോപണങ്ങളും ഭരണപക്ഷ എംഎൽഎമാർ സഭയിൽ ഉന്നയിച്ചു.
content highlights: Pinarayi Vijayan Attacks Opposition in Kerala Assembly