പെൺകുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച് വിവാദ പ്രസ്താവനയുമായി മധ്യപ്രദേശ് കോൺഗ്രസ് നേതാവ് എംഎൽഎ സജ്ജൻ സിങ് വർമ. പതിനഞ്ച് വയസ് മുതൽ പെൺകുട്ടികൾക്ക് പ്രത്യുൽപ്പാദനം നടത്താൻ കഴിയുമെന്നും പിന്നെന്തിനാണ് വിവാഹ പ്രായമുയർത്തുന്നതെന്നുമായിരുന്നു കോൺഗ്രസ് നേതാവ് സജ്ജൻ സിംഗ് വർമ്മയുടെ പരാമർശം.
പതിനഞ്ചാമത്തെ വയസ്സിൽ പെൺകുട്ടികൾ ഗർഭം ധരിക്കാൻ അനുയോജ്യരാണെന്ന് ഡോക്ടർമാരുടെ റിപ്പോർട്ടുകളുണ്ടെന്നും 18 വയസ്സാകുന്നതോടെ പെൺകുട്ടികൾ ഭർത്താവിൻ്റെ വീട്ടിൽ പോയി സന്തോഷത്തോടെ കഴിയണമെന്നും സജ്ജൻ പറഞ്ഞു. പ്രസ്താവന വിവാദമായതോടെ സജ്ജനെതിരെ ബിജെപി രംഗത്തെത്തി. സജ്ജൻ മാപ്പ് പറയണമെന്നും കോൺഗ്രസിൽ നിന്ന് പുറത്താക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ ബോധവത്കരണം നടത്താൻ സംഘടിപ്പിച്ച സമ്മാൻ എന്ന പരിപാടി ഉദ്ഘാടനം ചെയ്യുന്നതിനിടെ മുഖ്യമന്ത്രി ശിവരാജ് സിംങ് ചൗഹാന് നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു സജ്ജൻ്റെ പ്രതികരണം. സ്ത്രീകളുടെ വിവാഹപ്രായമുയർത്തുന്നതിന് ദേശീയ തലത്തിൽ ചർച്ച വേണമെന്നായിരുന്നു ചൗഹാന് പറഞ്ഞത്. സ്ത്രീകളുടെ വിവാഹ പ്രായം 21 ആക്കണമെന്നും ചൗഹാന് പറഞ്ഞിരുന്നു. അതേസമയം പ്രസ്താവനയിൽ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് നാഷണൽ കമ്മിഷൻ ഫോർ പ്രോട്ടക്ഷൻ ഓഫ് ചെെൽഡ് റെെറ്റ് സജ്ജന്‍ നോട്ടീസ് അയച്ചിട്ടുണ്ട്.
content highlights: Why Raise Age Of Marriage When Girls Are Ready For Reproduction By 15? Asks Cong MLA