സാമ്പത്തിക തട്ടിപ്പ് കേസിൽ റിമാർഡിലായിരുന്ന യുവാവ് മരിച്ച സംഭവത്തിൽ പൊലീസിനെതിരെ ആരോപണവുമായി കുടുംബം. തൻ്റെ മകനെ പൊലീസ് തല്ലികൊന്നതാണെന്ന് മരിച്ച ഷഫീഖിൻ്റെ പിതാവ് ഇസ്മയിൽ പറയുന്നു. അടിവയറ്റിലുൾപ്പെടെ നീല നിറത്തിലുള്ള പാടുകളുണ്ടായിരുന്നുവെന്നും നെറുകയിൽ വലിയ മുറിവുണ്ടായിരുന്നുവെന്നും പിതാവ് പറഞ്ഞു. ചൊവ്വാഴ്ച രാവിലെയാണ് വട്ടകപ്പാറയ്ക്ക് സമീപത്തെ വീട്ടിൽ നിന്ന് ഷഫീഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ ബന്ധുക്കളോ സുഹൃത്തുക്കളോ ഈ വിവരം അറിഞ്ഞിരുന്നില്ല. കാഞ്ഞിരപ്പള്ളി പൊലീസിനോട് ചോദിച്ചെങ്കിലും കൃത്യമായ മറുപടി കിട്ടിയില്ല. ഏത് കേസിനാണ് കൊണ്ടുപോയതെന്നുപോലും അറിഞ്ഞിരുന്നില്ലെന്ന് പിതാവ് പറഞ്ഞു.
മകനെ ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയതും പൊലീസ് അറിയിച്ചിരുന്നില്ല. വിവരം അറിഞ്ഞ് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയപ്പോൾ മകൻ ഇട്ടിരിക്കുന്ന പാൻ്റും ഷർട്ടുമല്ല ദേഹത്തുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ സംഭവിക്കണമെന്ന് പൊലീസിന് നിർബന്ധമുണ്ടായിരുന്നു, അതുകൊണ്ടാണ് എറണാകുളത്തുനിന്ന് കൊണ്ടുവന്നതുപോലും അറിയിക്കാതിരുന്നത്. ആളെ തിരിച്ചറിയാനാകാത്ത വിധത്തിൽ ഷഫീഖിൻ്റെ മുഖത്ത് പൊലീസ് മർദ്ദിച്ചുവെന്നും സഹോദരൻ ആരോപിച്ചു.
content highlights: Man in judicial custody dies while undergoing treatment; family suspects foul play